ഐ.എന്‍.എസ് വിരാടില്‍ തീപിടിത്തം; ചീഫ് എന്‍ജിനീയര്‍ മരിച്ചു

പനാജി: ഇന്ത്യയുടെ വ്യോമവാഹിനി കപ്പലായ ഐ.എന്‍.എസ് വിരാടിലുണ്ടായ തീപിടിത്തത്തില്‍ ചീഫ് എന്‍ജിനീയര്‍ മരിച്ചു. അഷു സിങ് എന്നയാളാണ് മരിച്ചത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗോവയിലെ നേവി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചക്കുശേഷം ഗോവയിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

ബോയിലര്‍ റൂമിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്നുതന്നെ തീയണക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവം നടക്കുമ്പോള്‍ ബോയിലര്‍ റൂമില്‍ നാലു പേരുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചയച്ചു.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിരാട് 1987ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. 1959 നവംബർ 18ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ ഭാഗമായിരുന്ന എച്ച്.എം.എസ്. ഹെംസ് എന്ന കപ്പൽ 1984ൽ സേവനം അവസാനിപ്പിച്ചതോടെ ഇന്ത്യ വാങ്ങുകയായിരുന്നു.

ഹെലികോപ്ടർ അടക്കം 26 യുദ്ധവിമാനങ്ങള്‍ക്ക് നിൽക്കാന്‍ കപ്പലില്‍ സ്ഥലമുണ്ട്. നൂറ്റമ്പതോളം ഓഫിസർമാരും 1500ഒാളം നാവികരുമാണ് വിരാടിലുള്ളത്. നാവികസേനയിലെ 28 വര്‍ഷം നീണ്ട സേവനത്തിന് ശേഷം ഈ വർഷം ഡീകമ്മീഷന്‍ ചെയ്യാനിരിക്കെയാണ് അപകടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.