പി.എഫ് നികുതി തീരുമാനം പൂര്‍ണമായും പിന്‍വലിച്ചതായി അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന് ആദായ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി  ലോക്സഭയില്‍ സ്വമേധയാ നടത്തിയ പ്രസ്താവനയിലാണ് തീരുമാനം അറിയിച്ചത്. ഇ.പി.എഫ് ആദായ നികുതി നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന ബജറ്റ് പ്രസംഗത്തിലെ 138, 139 ഖണ്ഡിക പിന്‍വലിക്കുന്നതായി മന്ത്രി ലോക്സഭയില്‍ പറഞ്ഞു.  ട്രേഡ് യൂനിയനുകളും മറ്റും രാജ്യവ്യാപകമായി വലിയ എതിര്‍പ്പുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്‍െറ പിന്മാറ്റം.  ഇ.പി.എഫ് നിക്ഷേപം ആദായ നികുതി മുക്തമായി തുടരും.

ഇ.പി.എഫിലേക്ക് തൊഴിലുടമ നല്‍കുന്ന വിഹിതത്തില്‍ ആദായ നികുതി ഇളവ് ലഭിക്കുന്ന പരിധി ഒന്നര ലക്ഷം രൂപയായി നിജപ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനവും ധനമന്ത്രി പിന്‍വലിച്ചു.  അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് (എന്‍.പി.എസ്) പണം പിന്‍വലിക്കുമ്പോള്‍ തുകയുടെ 60 ശതമാനത്തിന് ആദായ നികുതി നല്‍കണമെന്ന നിലവിലുള്ള വ്യവസ്ഥയും അതേപടി തുടരും.   എന്‍.പി.എസ്, ഇ.പി.എഫ് വ്യവസ്ഥകള്‍ ഏകീകരിക്കുന്നുവെന്ന് വിശദീകരിച്ചാണ് ധനമന്ത്രി അരുണ്‍ ജെയ്്റ്റ്ലി  കേന്ദ്ര ബജറ്റില്‍ ഇ.പി.എഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്തിയത്.

വിരമിക്കുമ്പോള്‍ പി.എഫ് നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കുകയാണെങ്കില്‍ തുകയുടെ 60 ശതമാനത്തിന് നികുതി ഈടാക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്.  നികുതിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ പി.എഫ് നിക്ഷേപത്തിന്‍െറ 60 ശതമാനം തുക പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണമെന്നും വ്യവസ്ഥ വെച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ  പി.എഫില്‍നിന്ന് പിന്‍വലിക്കുന്ന പണത്തിന്‍െറ 60 ശതമാനം തുകക്ക് അല്ല  നികുതിയെന്നും  60 ശതമാനം തുകക്ക്  ലഭിക്കുന്ന പലിശക്കു മാത്രമാണ് നികുതിയെന്നും ധനമന്ത്രാലയം വിശദീകരിച്ചു.

എം.പിമാര്‍ പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിച്ചതോടെ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയാമെന്ന് ധനമന്ത്രി ലോക്സഭയില്‍ ഉറപ്പും നല്‍കി. എന്നാല്‍,  സര്‍ക്കാറിനെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായി വിമര്‍ശം ഉയര്‍ന്നതോടെ ബജറ്റ് ചര്‍ച്ചക്ക് കാത്തുനില്‍ക്കാതെ തീരുമാനം പിന്‍വലിക്കാന്‍ ധനമന്ത്രി  തയാറാവുകയായിരുന്നു.   സര്‍ക്കാറിലേക്ക് ധനസമാഹരണം നടത്താനല്ല, മറിച്ച്  പെന്‍ഷന്‍ പരിരക്ഷ ലഭിക്കാത്ത സ്വകാര്യ മേഖലയിലെ ജീവനക്കാരെ പെന്‍ഷന്‍ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനും പി.എഫ് തുക മുഴുവന്‍ പിന്‍വലിച്ച് ചെലവഴിക്കുന്ന അവസ്ഥ നിരുത്സാഹപ്പെടുത്താനുമാണ് ഇ.പി.എഫിന് ആദായ നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശിച്ചതെന്നും ധനമന്ത്രി ലോക്സഭയില്‍ വിശദീകരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.