വനിതാദിനത്തില്‍ വിവേചനം തുറന്നുകാട്ടി വനിതാ എം.പിമാര്‍

ന്യൂഡല്‍ഹി: അവര്‍ എല്ലാവര്‍ക്കും ഒരേ സ്വരമായിരുന്നു. വീട്ടിലും പാര്‍ട്ടിയിലും സമൂഹത്തിലും നേരിടുന്ന വിവേചനം അവര്‍ എണ്ണിപ്പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍െറ ആറു പതിറ്റാണ്ടിനുശേഷവും  സ്ത്രീ അബലയായി തുടരുന്ന സാമൂഹിക സാഹചര്യം മാറിയേ തീരൂവെന്ന അഭിപ്രായത്തില്‍ അവര്‍  ഒന്നിച്ചു.  വനിതാദിനത്തില്‍ ലോക്സഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ വനിതാ എം.പിമാര്‍ക്ക് കക്ഷിരാഷ്ട്രീയ ഭിന്നത ഒട്ടുമുണ്ടായില്ല.
നിയമസഭകളിലും പാര്‍ലമെന്‍റിലും 33 ശതമാനം  സംവരണം നല്‍കുന്ന   വനിതാ സംവരണ ബില്‍ പാസാക്കാന്‍ വൈകരുതെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട സോണിയ ഗാന്ധി പറഞ്ഞു. ‘മാക്സിമം ഗവേണന്‍സ്’ എന്നതാണ് സര്‍ക്കാര്‍ നയമെങ്കില്‍ വനിതകള്‍ക്കായി സംവരണ ബില്‍ പാസാക്കണം. ഇക്കാര്യത്തില്‍ സമവായത്തിന് ശ്രമിക്കുകയാണെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു മറുപടി നല്‍കി.   ജോലിക്കൊപ്പം വീട്ടുകാര്യങ്ങളും നോക്കേണ്ടി വരുന്ന സ്ത്രീകളുടെ കഠിനാധ്വാനം വിലമതിക്കപ്പെടുന്നില്ളെന്ന് ബി.ജെ.പിയിലെ ഹേമമാലിനി പറഞ്ഞു. വനിതകള്‍ക്ക് മതിയായ അവസരം നല്‍കുന്നതില്‍ പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്ന് സി.പി.എമ്മിലെ പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്‍റില്‍ 12 ശതമാനം മാത്രമാണ് വനിതകള്‍. വനിതാ ബില്‍ വോട്ടിനിടണം. സ്ത്രീവിരുദ്ധര്‍ ആരെന്ന് തിരിച്ചറിയാനെങ്കിലൂം അതുകൊണ്ട് സാധിക്കുമെന്ന് ശ്രീമതി പറഞ്ഞു. ബസില്‍ പ്രത്യേക സീറ്റും പ്രത്യേകം ക്യൂവുമല്ല, മറിച്ച് സാമ്പത്തികമായി സ്വയംപര്യാപ്തത നേടാനുള്ള വിദ്യാഭ്യാസ അവസരങ്ങളാണ് വനിതകള്‍ക്കായി നല്‍കേണ്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ ശതാബ്ദി റോയ് പറഞ്ഞു. എന്‍.സി.പിയിലെ സുപ്രിയ സുലെ, ബി.ജെ.പിയിലെ മീനാക്ഷി ലേഖി,  ശിവസേനയിലെ ഭാവന ഗവാലി, കോണ്‍ഗ്രസിലെ രഞ്ജിത് രഞ്ജന്‍,  ബി.ജെ.ഡിയിലെ പ്രത്യുഷ സിങ് തുടങ്ങിയവരും സമാന അഭിപ്രായം പങ്കുവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.