സൈന്യത്തെ വിട്ടുകൊടുത്ത സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: പരിസ്ഥിതിക്ക് കനത്ത നാശം വരുത്തി ശ്രീശ്രീ രവിശങ്കര്‍ യമുനാ നദിക്കരയില്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തെ വിട്ടുകൊടുത്തതിനെതിരെ പ്രതിപക്ഷം രാജ്യസഭയില്‍ ആഞ്ഞടിച്ചു. സൈന്യത്തെ തെറ്റായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ മുദ്രാവാക്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ വിഷയം സഭയിലുന്നയിക്കരുതെന്ന സാങ്കേതിക വാദം ഉന്നയിച്ച കേന്ദ്ര സര്‍ക്കാര്‍ ശ്രീശ്രീക്ക് സൈന്യത്തെ വിട്ടുകൊടുത്ത വിഷയത്തില്‍ മൗനം പാലിച്ചു.
പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ജനതാദള്‍ യു. നേതാവ് ശരദ് യാദവ്, മുന്‍കേന്ദ്ര കായിക മന്ത്രി കെ.പി.എസ് ഗില്‍ എന്നിവരാണ് ശ്രീശ്രീ രവിശങ്കര്‍ പരിസ്ഥിതിക്ക് വരുത്തിയ നാശത്തിലേക്ക് രാജ്യസഭയുടെ ശ്രദ്ധ ക്ഷണിച്ചത്.
താനൊരു സൈനിക കുടുംബത്തില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞ ഗില്‍, ഒരു വ്യക്തി സംഘടിപ്പിക്കുന്ന സ്വകാര്യ ചടങ്ങിന് പാലം കെട്ടാനും വഴിയൊരുക്കാനും സൈന്യത്തെ വിളിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് പറഞ്ഞു. ഇതൊരു കീഴ്വഴക്കമാക്കിയാല്‍ നാളെ ഏതൊരു സ്വകാര്യ വ്യക്തി ആവശ്യപ്പെട്ടാലും സൈന്യത്തെ വിട്ടുകൊടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നിരങ്കരി എന്ന ആള്‍ദൈവം അഞ്ചുലക്ഷം പേരെ വിളിച്ചുവരുത്തിയാണ് ഈയിടെ പരിപാടി സംഘടിപ്പിച്ചത്. ഇത്തരമാളുകള്‍ക്ക് വിട്ടുകൊടുക്കാനുള്ളതല്ല രാജ്യം കാക്കുന്ന സൈനികരുടെ സേവനമെന്ന് അദ്ദേഹം സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു.
ഗില്ലിനെ പിന്തുണച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്വകാര്യവ്യക്തിക്ക് ഇന്ത്യന്‍ സൈന്യത്തെ വിട്ടുകൊടുത്ത നടപടി ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ളെന്ന് പറഞ്ഞു. സര്‍ക്കാര്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ശരദ് യാദവ് ആവര്‍ത്തിച്ചപ്പോള്‍,  എല്ലാ അനുമതിയോടും കൂടിയാണ് പരിപാടി നടത്തുന്നതെന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അവകാശപ്പെട്ടു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.