500ഓളം മരുന്നുകള്‍ക്കുകൂടി നിരോധം വരുന്നു

ന്യൂഡല്‍ഹി: ആരോഗ്യത്തിന് ദോഷകരമായ 344 മരുന്നുസംയുക്തങ്ങളുടെ ഉല്‍പാദനവും വില്‍പനയും നിരോധിച്ചതിനുപുറകേ ആന്‍റിബയോട്ടിക്, ആന്‍റി ഡയബെറ്റിക് അടക്കം 500ഓളം പ്രമുഖ മരുന്നുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. അശാസ്ത്രീയവും അപകടകരവുമായ സംയുക്തങ്ങളടങ്ങിയ ആയിരത്തോളം മരുന്നുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അധികൃതര്‍ സൂചിപ്പിച്ചു. അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും പ്രതിരോധശേഷി തകര്‍ക്കുകയും ചെയ്യുന്ന വസ്തുക്കള്‍ ചില മരുന്നുകളില്‍ കണ്ടത്തെിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയായി ആറുമാസത്തിനകം നിരോധം നിലവില്‍വന്നേക്കും.
മാര്‍ച്ച് 10നാണ് 344 മരുന്നുസംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നിരോധം. പനിക്ക് വ്യാപകമായി ഉപയോഗിക്കുന്നവയായിരുന്നു നിരോധിച്ചവയിലേറെയും. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ പോലും ഇത്തരം മരുന്നുകള്‍ നല്‍കരുതെന്ന് വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
അസിലോഫെനക്, പാരസെറ്റമോള്‍, റാബിപ്രൈസോള്‍ എന്നിവ ചേര്‍ന്ന മരുന്നുകളും പാരസെറ്റമോള്‍, സെറ്റിറിസീന്‍, കഫീന്‍ എന്നിവ ചേര്‍ന്ന മരുന്നുകളും നിരോധിച്ചവയില്‍ പെടും. കുട്ടികള്‍ക്ക് വയറിളക്കത്തിനും ഛര്‍ദിക്കും നല്‍കുന്ന ഡൈസൈക്ളോമൈന്‍, പാരസെറ്റമോള്‍, ഡോംപെരിഡോണ്‍ എന്നിവ ചേര്‍ന്ന സംയുക്തമാണ് നിരോധിച്ചതില്‍ മറ്റൊന്ന്. ഡൈക്ളോഫെനക്, ട്രമഡോള്‍, പാരസെറ്റമോള്‍ എന്നിവ ചേര്‍ന്ന സംയുക്തവും നിരോധിച്ചു.
ഒരേ സംയുക്തങ്ങള്‍ ഉപയോഗിച്ച് വിവിധ കമ്പനികള്‍ പല പേരില്‍ മരുന്ന് ഇറക്കുന്നതിനാല്‍ മരുന്നുകളുടെ പേരുവെച്ച് നിരോധപട്ടിക പ്രസിദ്ധീകരിക്കാനാകില്ളെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ സംയുക്തങ്ങള്‍ ചേര്‍ത്ത് വിവിധ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന 20,000 മരുന്നുകള്‍ നിരോധ പരിധിയില്‍ വരും. രോഗങ്ങള്‍ക്കും അനുബന്ധരോഗങ്ങള്‍ക്കുമുള്ള വിവിധ രാസവസ്തുക്കള്‍ ഒന്നിച്ചുചേര്‍ത്ത് ഗുളിക, സിറപ്പ്, കുത്തിവെപ്പ് രൂപത്തില്‍ ഉപയോഗിക്കുന്നതാണ് മരുന്നുസംയുക്തങ്ങള്‍ (കോമ്പിനേഷന്‍ ഡ്രഗ്സ്). ഒന്നിലേറെ മരുന്ന് കഴിക്കുന്നതിനുപകരം ഒരു മരുന്നുകൊണ്ടുതന്നെ രോഗശമനം സാധ്യമാകുമെന്നതാണ് ഇതിന്‍െറ ഗുണം. എന്നാല്‍, രോഗിക്ക് ആവശ്യമില്ലാത്ത രാസഘടകങ്ങള്‍ അശാസ്ത്രീയ മരുന്നുസംയുക്തങ്ങളിലൂടെ ശരീരത്തിലത്തെുന്നതായും ഇത് ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നതായും വിദഗ്ധ സമിതി കണ്ടത്തെി. കോഡീന്‍ കലര്‍ന്ന സിറപ്പുകളും മറ്റും ലഹരിക്കുപകരം ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് വില്‍ക്കുന്ന മരുന്നുകളുടെ പാതിയും ഇത്തരം അശാസ്ത്രീയ രാസസംയുക്തങ്ങളടങ്ങിയ മരുന്നുകളാണ്.
2014ല്‍ നിലവില്‍വന്ന വിദഗ്ധസമിതി, 6000ലേറെ മരുന്നുസംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമില്ലാതെ പുറത്തിറങ്ങുന്നതായി കണ്ടത്തെി. ഇവയില്‍ ശാസ്ത്രീയവും അശാസ്ത്രീയവും കൂടുതല്‍ പഠനം വേണ്ടതുമായ സംയുക്തങ്ങള്‍ സമിതി വേര്‍തിരിക്കുകയും ചെയ്തു. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് 344 എണ്ണം നിരോധിച്ചത്.
കമ്പനികള്‍ ലാഭം ലക്ഷ്യമിട്ട് ഒരേ സംയുക്തങ്ങള്‍ അടങ്ങിയ മരുന്നുകള്‍ വിവിധ ബ്രാന്‍ഡുകളില്‍ പല വിലയില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ആന്‍റിബയോട്ടിക് സംയുക്തങ്ങളുടെ അമിത ഉപയോഗത്തിനെതിരെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിരന്തരം മുന്നറിയിപ്പ് നല്‍കിവരുന്നതിനിടെയാണ് കേന്ദ്ര ഇടപെടല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.