'ഭാരത് മാതാ കി ജയ്' വിളിക്കാൻ വിസമ്മതിച്ച എം.എൽ.എയെ സസ്പെൻഡ് ചെയ്തു

മുംബൈ: ‘ഭാരത് മാതാ കി ജയ്’ വിളിക്കാത്തതിന് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (മജ്ലിസ്) പര്‍ട്ടിയുടെ എം.എല്‍.എ വാരിസ് പത്താനെ മഹാരാഷ്ട്ര നിയമസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇപ്പോള്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍നിന്നാണ് സസ്പെന്‍ഷന്‍. ഞായറാഴ്ച ലാത്തൂരിലെ പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ കഴുത്തില്‍ കത്തിവെച്ചാലും ഭാരത് മാതാ കി ജയ് വിളിക്കില്ളെന്ന് മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞിരുന്നു. പുതു തലമുറയെ ഭാരത് മാതാ കി ജയ് വിളിക്കാന്‍ പഠിപ്പിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവനക്കുള്ള മറുപടി ആയിരുന്നു ഇത്. അസദുദ്ദീന്‍െറ പ്രസ്താവന വിവാദമാകുകയും ചാനല്‍ ചര്‍ച്ചകളിലും മറ്റും അദ്ദേഹത്തിന്‍െറ നിലപാടിനായി വാരിസ് പത്താന്‍ വാദിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ബുധനാഴ്ച സഭയില്‍ ഭാരത് മാതാ കി ജയ് വിളിക്കാന്‍ പത്താനോട് ബി.ജെ.പി എം.എല്‍.എ രാം കദം ആവശ്യപ്പെട്ടു. പത്താന്‍ വഴങ്ങിയില്ല. ഭാരത് മാതാ കി ജയ് വിളിക്കില്ളെന്നും ജയ് ഹിന്ദ് വിളിക്കാമെന്നും പറഞ്ഞ പത്താന്‍ അങ്ങനെ വിളിക്കാന്‍ ഭരണഘടന അനുശാസിക്കുന്നില്ളെന്നും ചൂണ്ടിക്കാട്ടി. ബഹളത്തില്‍ രണ്ടുതവണ സഭ തടസ്സപ്പെട്ടു. പിന്നീട് നിയമസഭാകാര്യ സഹമന്ത്രി രനിത് പാട്ടീല്‍ പത്താനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ഇതര പാര്‍ട്ടികള്‍ ആവശ്യത്തെ പിന്തുണച്ചതോടെ സസ്പെന്‍ഡ് ചെയ്യുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.
മുംബൈയിലെ ബൈഖുളയില്‍നിന്നുള്ള എം.എല്‍.എയാണ് ബോംബെ ഹൈകോടതി അഭിഭാഷകനായ വാരിസ് പത്താന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.