ക്രോസിനും ഡോളോയും അടക്കം പ്രമുഖ ബ്രാന്‍ഡുകള്‍ നിരോധ പട്ടികയില്‍

ന്യൂഡല്‍ഹി: പനിക്കും ജലദോഷത്തിനും ശരീരവേദനക്കും വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ മരുന്നുകള്‍ കേന്ദ്രസര്‍ക്കാറിന്‍െറ നിരോധപട്ടികയില്‍.
പനിക്കും ശരീരവേദനക്കുമുള്ള ക്രോസിന്‍ കോള്‍ഡ് ആന്‍ഡ് ഫ്ളൂ, ഡോളോ, ചുമക്കും ജലദോഷത്തിനുമുള്ള ഡികോള്‍ഡ് ടോട്ടല്‍, മൂക്കടപ്പിനുള്ള തുള്ളിമരുന്ന് നാസിവയോണ്‍, പുറംവേദനക്കുള്ള സുമോ, അണുബാധക്കുള്ള ഒഫ്ളോക്സ്, കഫ് സിറപ്പുകളായ ഷെറികഫ്, കാഫ്നില്‍, വേദനസംഹാരി നിമുലിഡ്, ഡെകോഫ്, ഒ-2, ഗാസ്ട്രോജില്‍, കുട്ടികള്‍ക്കുള്ള സിറപ്പ് ടി 98, ടെഡികഫ് തുടങ്ങിയ മരുന്നുകളാണ് മാര്‍ച്ച് 12ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിരോധപട്ടികയിലുള്ളത്. ആരോഗ്യത്തിന് അപകടകരമായ 344 മരുന്നുസംയുക്തങ്ങളുടെ ഉല്‍പാദനവും വില്‍പനയുമാണ് നിരോധിച്ചത്.
ഇത്തരം സംയുക്തങ്ങളടങ്ങിയ 2700 ബ്രാന്‍ഡുകള്‍ വിപണിയില്‍ ഇല്ലാതാകും. ഇവയിലേറെയും പനി, ചുമ, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണ്.
 പ്രമുഖ ബഹുരാഷ്ട്ര കമ്പനികളായ പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ള്‍, ഫൈസര്‍, അബോട്ട് ഹെല്‍ത്ത്കെയര്‍, ലുപിന്‍, സണ്‍ ഫാര്‍മ, ഗ്ളെന്‍മാര്‍ക്, വോക്ക്ഹാര്‍ഡ്റ്റ്, അരിസ്റ്റോ, ഇന്‍റാസ് എന്നിവക്ക് നിരോധം കടുത്ത ആഘാതമായി. യു.എസ് കമ്പനിയായ അബോട്ടിനാണ് കൂടുതല്‍ നഷ്ടം.
കഫ് സിറപ്പായ ഫെന്‍സിഡില്‍ നിരോധിച്ചതോടെ അബോട്ടിന് 485 കോടി രൂപയുടെ വാര്‍ഷിക നഷ്ടമുണ്ടാകും. മരുന്നുവിപണിയില്‍ ആകെ 1000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു; 3049 കോടിയുടെ വാര്‍ഷിക നഷ്ടവും. നിരോധിച്ച ബ്രാന്‍ഡുകള്‍ കമ്പനികള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചുതുടങ്ങി.
നിരോധത്തെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സ്വാഗതംചെയ്യുകയാണ്. അപകടകരമായ മരുന്നുസംയുക്തങ്ങള്‍ ഒഴിവാക്കി ഒരു രാസഘടകം മാത്രമുള്ള ‘സിംഗ്ള്‍ ഡ്രഗ്’ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുമെന്നാണ് വിദഗ്ധരുടെ പക്ഷം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.