ഗുജറാത്തില്‍ മതംമാറ്റത്തിന് അപേക്ഷിച്ചവര്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍

അഹ്മദാബാദ്: അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ ലഭിച്ച മതംമാറ്റ അപേക്ഷകളില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍നിന്നാണെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 1838 അപേക്ഷകളില്‍ 1735ഉം ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു മതങ്ങള്‍ സ്വീകരിക്കാനായി സമര്‍പ്പിച്ചതാണ്. ഇതില്‍ 878 അപേക്ഷകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അപേക്ഷിച്ചവരില്‍ 57 മുസ്ലിംകളും 42 ക്രിസ്ത്യാനികളും നാല് പാഴ്സികളുമുണ്ട്. മതംമാറ്റത്തിന് കാരണം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ളെങ്കിലും ഏറെയും വിവാഹാവശ്യാര്‍ഥമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. സൂറത്ത്, രാജ്കോട്ട്, അഹ്മദാബാദ്, ജാംനഗര്‍, പോര്‍ബന്തര്‍, ജുനഗഢ് മേഖലകളില്‍നിന്നാണ് അപേക്ഷകളേറെയും.

എന്നാല്‍, സര്‍ക്കാര്‍ കണക്കുകള്‍ കൃത്യമല്ളെന്നും അഞ്ചു വര്‍ഷത്തിനിടെ മതംമാറിയവരുടെ യഥാര്‍ഥ കണക്കുകള്‍ എടുത്തിരുന്നുവെങ്കില്‍ ഒരു ലക്ഷത്തിലേറെ വരുമെന്നും ഗുജറാത്ത് ദലിത് സാംഗതന്‍ പ്രസിഡന്‍റ് ജയന്ത് മാന്‍കഡിയ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് ജുനഗഢില്‍ നടന്ന പരിപാടിയില്‍ ഒരു ലക്ഷത്തോളം ദലിതുകള്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍, ദേശവിരുദ്ധരുടെ പ്രവര്‍ത്തനം മൂലമാണ് മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി റഞ്ചോദ് ബര്‍വാദ് പറഞ്ഞു. മതപരിവര്‍ത്തനത്തിന് ജില്ലാ അധികൃതരുടെ മുന്‍കൂര്‍ അനുവാദം നേടണമെന്ന് ഗുജറാത്തിലെ മതപരിവര്‍ത്തന വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.