ദുരഭിമാനക്കൊല: മൂന്നു വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്ടില്‍ കൊല്ലപ്പെട്ടത് 81 പേര്‍

ചെന്നൈ: ദലിതരുമായുള്ള വിവാഹത്തിന്‍െറ പേരില്‍  മൂന്നു വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്ടില്‍ കൊലക്കത്തിക്കിരയായത് 81 യുവതീയുവാക്കള്‍. 2013 മുതലുള്ള ദുരഭിമാനക്കൊലകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ജാതി വേര്‍തിരിവ് ശക്തമായ തമിഴകത്ത് ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷം പ്രതികളും സവര്‍ണ സമുദായങ്ങളില്‍പെട്ടവരാണ്. തേവര്‍, വണ്ണിയാര്‍, ഗൗണ്ടര്‍ സമുദായ സംഘടനകളുടെ പിന്തുണയും സാമ്പത്തിക ശേഷിയും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. രാമനാഥപുരം ജില്ലയാണ് ക്രൂരമായ ദുരഭിമാനക്കൊലകള്‍ക്ക് പേരുകേട്ട പ്രദേശം.  

ജാതി സംഘര്‍ഷങ്ങള്‍ പതിവായ മധുരൈ, തിരുപ്പൂര്‍, കടലൂര്‍ ജില്ലകളും പിന്നിലല്ല. ദലിത് യുവാക്കള്‍ക്കൊപ്പം ജീവിതം തുടങ്ങിയ സവര്‍ണ സമുദായങ്ങളില്‍പെട്ട യുവതികളാണ് ഇരകളില്‍ 80 ശതമാനവും. അക്രമികള്‍ ശിക്ഷിക്കപ്പെടാത്തത് ദുരഭിമാനക്കൊല വര്‍ധിക്കാന്‍ സാഹചര്യമൊരുക്കുന്നതായി സര്‍ക്കാറിതര സന്നദ്ധസംഘടനയായ എവിഡന്‍സിന്‍െറ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ. കതിര്‍ വെളിപ്പെടുത്തി. അക്രമികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും സമൂഹത്തില്‍ വിലസുകയാണെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

തേവര്‍ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്‍െറ പേരില്‍ കഴിഞ്ഞ ഞായറാഴ്ച ഉദുമല്‍പേട്ടില്‍ അറുകൊലക്ക് ഇരയായ ദലിത് എന്‍ജിനീയര്‍ ശങ്കറാണ് സംഭവപരമ്പരയിലെ എണ്‍പത്തിയൊന്നാമന്‍. എതിര്‍പ്പുകള്‍ മറികടന്ന് ദലിത് സമുദായക്കാരെ വിവാഹം കഴിക്കുന്നതുമൂലമുണ്ടാകുന്ന അഭിമാന ക്ഷതം കൊലപാതകത്തിലൂടെ വീണ്ടെടുക്കുന്നത് ആചാരമായി മാറിയെന്നും എവിഡന്‍സ് സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഘടന നടത്തിയ പഠനത്തില്‍ മൂന്നു വര്‍ഷത്തിനിടെ ഇത്തരം വിവാഹിത്തില്‍ ഏര്‍പ്പെടുന്ന 84 ശതമാനം ദമ്പതികളെയും ഭീഷണിപ്പെടുത്തി വേര്‍പിരിച്ചിട്ടുണ്ട്. ജാതി സംഘടനകളാണ് ഇതില്‍ സുപ്രധാന ശക്തിയായി പ്രവര്‍ത്തിക്കുന്നത്. മിക്ക കൊലപാതകങ്ങള്‍ക്കുപിന്നിലും ജാതി സംഘടനാ പ്രവര്‍ത്തകരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.