ദലിത് യുവാവിന്‍െറ കൊല: ജയിലില്‍ തിരിച്ചറിയല്‍ പരേഡ്

കോയമ്പത്തൂര്‍: ഉടുമലപേട്ടയില്‍ ദലിത് യുവാവായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശങ്കറിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടന്നു. മാര്‍ച്ച് 13നാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലപാതകം നടന്നത്.
ആക്രമണത്തിനിടെ ശങ്കറിന്‍െറ ഭാര്യ കൗസല്യക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
കൗസല്യയുടെ പിതാവ് ചിന്നസ്വാമി ഉള്‍പ്പെടെ ആറു പേരാണ് ഇതുവരെ അറസ്റ്റിലായത്. ചിന്നസ്വാമിയെ മാര്‍ച്ച് 28 വരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ തിങ്കളാഴ്ച ഉടുമലപേട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മറ്റു അഞ്ച് പ്രതികളും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ ദിവസം കൗസല്യ പല്ലടം മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ 11.30ഓടെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉടുമലപേട്ട ഒന്നാമത് കോടതി മജിസ്ട്രേറ്റ് ശ്രീവിദ്യയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടന്നത്.
 അഞ്ച് പ്രതികളെയും കൗസല്യ തിരിച്ചറിഞ്ഞു. ജയിലിലും പരിസരത്തും വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.