ഇ-മാലിന്യം ഉല്‍പാദകരിലേക്ക്; മാലിന്യം തിരിച്ചേല്‍പിക്കുന്നവര്‍ക്ക് ആനുകൂല്യം

ന്യൂഡല്‍ഹി: എല്ലാ ഇ-മാലിന്യങ്ങളും അവയുടെ ഉല്‍പാദകര്‍തന്നെ തിരിച്ചെടുക്കണമെന്നും അല്ളെങ്കില്‍ പിഴ ചുമത്തുമെന്നുമുള്ള കര്‍ശന വ്യവസ്ഥകളടങ്ങുന്ന ഇ-മാലിന്യ പരിപാലന ചട്ടം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഉപഭോക്താവ് വാങ്ങുന്ന ഓരോ ഇലക്ട്രിക്, ഇലക്ട്രോണിക് ഉല്‍പന്നവും ഉപയോഗശൂന്യമായാല്‍ അത് വാങ്ങിയ അതേ വഴിയില്‍ തിരിച്ച് ഉല്‍പാദകരിലത്തെിക്കണമെന്ന് വ്യവസ്ഥചെയ്യുന്ന ചട്ടം, സര്‍ക്കാര്‍ അംഗീകൃത സംസ്കരണശാലകളിലേ മേലില്‍ അവ സംസ്കരിക്കാവൂ എന്നും നിര്‍ദേശിക്കുന്നു. മെര്‍ക്കുറി അടങ്ങിയ സി.എഫ്.എല്‍ ബള്‍ബുകളെയും തിരിച്ചുനല്‍കേണ്ട ഇ-മാലിന്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി.

ഇ-മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനും 2011ലുണ്ടാക്കിയ ചട്ടങ്ങളില്‍ കര്‍ക്കശമായ ചില ഭേദഗതികള്‍ കൊണ്ടുവന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ ഇ-മാലിന്യ പരിപാലന ചട്ടം 2016 തയാറാക്കിയത്. ഉപയോഗശൂന്യമായ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളില്‍നിന്ന് ശേഖരിച്ച് അവ അംഗീകൃത സംസ്കരണ കേന്ദ്രങ്ങളിലേക്ക്  അയക്കാനുള്ള ഉത്തരവാദിത്തം  ഉല്‍പാദകര്‍ക്കായി. സാധനങ്ങള്‍ വില്‍ക്കുന്ന സമയത്ത് ഉപഭോക്താക്കളില്‍നിന്ന് ഇ-മാലിന്യ ശേഖരണ തുക ഈടാക്കാം. ഉപയോഗശൂന്യമായവ വാങ്ങിയ കടയില്‍ തിരിച്ചേല്‍പിക്കുമ്പോള്‍ തുകയും അതിന്‍െറ പലിശയും തിരികെ നല്‍കണം. ഇ-മാലിന്യങ്ങള്‍ക്കു മാത്രമായുള്ള ശേഖരണ കേന്ദ്രത്തിലേക്ക് പ്രത്യേക ബന്തവസോടുകൂടിയ വാഹനങ്ങളിലാണ് മാറ്റേണ്ടത്.  

 ഇതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുള്ള പങ്കും നിയമത്തില്‍ വ്യക്തമാക്കുന്നു. ഇ-മാലിന്യം ശേഖരിക്കേണ്ട സ്ഥലം നിശ്ചയിക്കലും ശേഖരിക്കുന്നവര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കലും സംസ്ഥാനങ്ങളുടെ ജോലിയാണ്. പുതിയ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, ക്ളസ്റ്ററുകള്‍, എസ്റ്റേറ്റുകള്‍  തുടങ്ങിയ സ്ഥലങ്ങളില്‍ ഇ-മാലിന്യ നിക്ഷേപത്തിന് പ്രത്യേക ഷെഡുകളോ സ്ഥലമോ കണ്ടത്തെണം. ഇ-മാലിന്യം സംസ്കരിക്കുന്നവര്‍ക്കും റീസൈക്ളിങ് ചെയ്യുന്നവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. അവര്‍ക്ക് നൈപുണ്യ ശേഷി പരിശീലനവും നല്‍കണം.

എന്താണ് ഇ- മാലിന്യം

സി.എഫ്.എല്‍ ലാംപ്, ടി.വി, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ്സ്, ഡിഷ്വാഷര്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ ഉല്‍പന്നങ്ങളായ ഡെസ്ക്ടോപ്, ലാപ്ടോപ്, പ്രിന്‍റര്‍, സ്കാനര്‍ തുടങ്ങി ഉപയോഗ ശൂന്യമായ ഏതൊരു ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണവും ഇ- മാലിന്യമായി കണക്കാക്കും.2014ലെ കണക്കു പ്രകാരം രാജ്യത്ത് ഒരു വര്‍ഷം 17 ലക്ഷം ടണ്‍ ഇ- മാലിന്യമാണുണ്ടായിരുന്നത്. വര്‍ഷംതോറും ഇ-മാലിന്യത്തില്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെയാണ് വര്‍ധന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.