ബ്രസൽസ് ആക്രമണം: കാണാതായ ഇന്ത്യക്കാരൻ മെട്രോയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് ശേഷം കാണാതായ ഇൻഫോസിസ് ജീവനക്കാരൻ മെട്രോയിൽ യാത്ര ചെയ്തിരുന്നു എന്ന് സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് രാഘവേന്ദ്ര ഗണേഷ് എന്ന ബംഗളൂരു സ്വദേശി മെട്രോയിൽ യാത്ര ചെയ്തിരുന്നു എന്ന് ട്വീറ്റ് ചെയ്തത്. 'രാഘവേന്ദ്ര ഗണേശിൻെറ അവസാനത്തെ ഫോൺ കോൾ ട്രാക്ക് ചെയ്തു. അദ്ദേഹം മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു' -എന്നാണ് സുഷമയുടെ ട്വീറ്റ്.

സ്ഫോടനത്തിന് ശേഷം ഗണേഷിനെ പറ്റി വിവരമില്ലെന്ന് അമ്മ അന്നപൂർണി ഗണേശ് വിദേശകാര്യമന്ത്രാലയത്തിൽ പരാതി നൽകിയിരുന്നു. നാല് വർഷമായി രാഘവേന്ദ്ര ഗണേശ് ഇൻഫോസിസിൽ ജോലി ചെയ്യുകയാണ്.

ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 12.30 മുതൽ 1.30 വരെ ഗണേശുമായി സംസാരിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുന്നു എന്നാണ് അറിയിച്ചത്. എന്നാൽ സ്ഫോടനം നടന്നതിന് ശേഷം ഗണേഷുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അമ്മ പരാതിയിൽ പറയുന്നു.

ചൊവ്വാഴ്ച ബ്രസൽസിലെ വിമാനത്താവളത്തിലടക്കമുണ്ടായ സ്ഫോടനങ്ങളിൽ 31 പേരാണ് കൊല്ലപ്പെട്ടത്. 300 പേർക്ക് പരിക്കേറ്റു. ഇതിൽ 61 പേരുടെ നില ഗുരുതരമാണ്. നാല് പേർ അബോധാവസ്ഥയിൽ തുടരുകയാണ്. മരിച്ചവരും പരിക്കേറ്റവരും 40 രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ബെൽജിയം ആരോഗ്യ മന്ത്രി മാഗി ഡി ബ്ലോക് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.