വൈവാഹിക വെബ്സൈറ്റുകളെ നിയന്ത്രിക്കണമെന്ന് ബോംബെ ഹൈകോടതി

മുംബൈ: വൈവാഹിക വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം അനിവാര്യമെന്ന് ബോംബെ ഹൈകോടതി. സ്ത്രീധന നിരോധ നിയമം നിലവിലിരിക്കെ, വൈവാഹിക വെബ്സൈറ്റുകള്‍, ബ്യൂറോകള്‍, പത്രപരസ്യങ്ങള്‍ എന്നിവയിലൂടെയും ബ്രോക്കര്‍മാരിലൂടെയും സ്ത്രീധനം ആവശ്യപ്പെടുന്നതിനെതിരെ അഭിഭാഷക പ്രിസില സാമുവല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ വാദംകേട്ട ജസ്റ്റിസുമാരായ അഭയ് ഓകെ, പി.ഡി. നായിക് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
വെബ്സൈറ്റുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്നതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. അനധികൃത സൈറ്റുകളും ബ്രോക്കര്‍മാരും പെരുകുന്നത് അന്വേഷിക്കാനും ഹരജിയില്‍ ആവശ്യമുണ്ട്. വൈവാഹിക ബ്യൂറോകളെ നിരീക്ഷിക്കേണ്ട മുനിസിപ്പല്‍ വാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് മറ്റു ജോലിഭാരംമൂലം ഇക്കാര്യത്തില്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയുന്നില്ളെന്ന് പറഞ്ഞ കോടതി ഒരു മാസത്തിനകം പരിഹാരം കാണാന്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സ്ത്രീധനം ചോദിച്ചുള്ള വൈവാഹിക പരസ്യം തടയാന്‍ പത്ര, മാധ്യമങ്ങളെ സ്ത്രീധനവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ഓര്‍മപ്പെടുത്താനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അത്തരം പരസ്യം പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്താല്‍ കുറഞ്ഞത് ആറു മാസം തടവാണ് ശിക്ഷ. പൊലീസ് സ്റ്റേഷനുകളിലും ജില്ലാതലത്തിലും പ്രത്യേക സ്ത്രീധന നിരോധ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ആലോചിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അടുത്ത മാസം 28ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.