സഹാറയുടെ സ്വത്ത് വിറ്റഴിക്കാന്‍ സെബിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പിന്‍െറ 30,000 കോടി രൂപ കുടിശ്ശിക തിരിച്ചുപിടിക്കാനായി കമ്പനിയുടെ സ്വത്തുവകകള്‍ വിറ്റഴിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
40,000 കോടി മൂല്യമുള്ള സ്വത്തുക്കള്‍ വിറ്റഴിക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് സെബിയോട് ആവശ്യപ്പെട്ടത്.
സഹാറയുടെ ഇന്ത്യക്ക് പുറത്തുള്ള സ്വത്തുവകകളും പുണെയിലെ അംബി വാലി ടൗണ്‍ഷിപ്പും ഇതില്‍ ഉള്‍പ്പെടില്ല. സഹാറയുടെ സ്വത്തുക്കള്‍ വില്‍ക്കുന്നതിലൂടെ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂവെന്ന് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു. ഗ്രൂപ് ചെയര്‍മാന്‍ സുബ്രതാ റോയിയുടെ മോചനവും ഇതില്‍പ്പെടും.
ജാമ്യത്തിന് 5000 കോടി രൂപ പണമായും 5000 കോടി രൂപ ബാങ്ക് ഗാരന്‍റിയായും കെട്ടിവെക്കാന്‍ കഴിയാത്തതിനാല്‍ സുബ്രതാ റോയ് രണ്ടു വര്‍ഷമായി ജയിലിലാണ്. പണം നല്‍കാനായെങ്കിലും ബാങ്ക് ഗാരന്‍റി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.