ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസില്‍ അനുകൂല തെളിവുണ്ടാക്കാന്‍ വ്യാജരേഖകള്‍ കെട്ടിച്ചമച്ചെന്ന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ്ങിനെതിരെ മതിയായ തെളിവുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. തന്‍െറ വരവില്‍ക്കവിഞ്ഞ വരുമാനം മറച്ചുവെക്കാന്‍ സിങ് രജിസ്റ്ററുകളില്‍ കൃത്രിമം കാണിച്ചുവെന്നതിനും കള്ളത്തീയതിയുള്ള സ്റ്റാമ്പ് പേപ്പറുകള്‍ ഉപയോഗിച്ചുവെന്നതിനും കള്ളത്തീയതിവെച്ച് കരാറുകള്‍ കെട്ടിച്ചമച്ചുവെന്നതിനും തെളിവ് ലഭിച്ചതായും കേസന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 2011 ഡിസംബറില്‍ നടന്ന ആദായനികുതി റെയ്ഡിനുമുമ്പ് 47.35 ലക്ഷമായിരുന്ന വരുമാനം 6.57 കോടിയാക്കാന്‍ തെളിവുണ്ടാക്കാനാണ് ശ്രമം നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകള്‍ നേരിടുന്ന വീരഭദ്രസിങ്ങിനെ രേഖകള്‍ കെട്ടിച്ചമച്ച കുറ്റത്തിന് അറസ്റ്റ് ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, കുറ്റാരോപിതനായ വീരഭദ്രസിങ് തിങ്കളാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. കേസന്വേഷണത്തില്‍ തന്‍െറ വിശദീകരണം നല്‍കാനും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം അറിയിക്കാനുമായിരുന്നു സന്ദര്‍ശനം. അഴിമതി ആരോപണം നേരിടുന്ന വീരഭദ്രസിങ്ങിന്‍െറ അറസ്റ്റിനായി ബി.ജെ.പി മുറവിളിയുയര്‍ത്തുന്നുണ്ട്.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കി രാഷ്ട്രപതിഭരണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ച് പാര്‍ട്ടിക്ക് ആശങ്കയുണ്ടെന്നാണറിയുന്നത്.
സംസ്ഥാനത്തിന്‍െറ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി അംബിക സോണിയും മുഖ്യമന്ത്രിയെ അനുഗമിച്ചു. കേന്ദ്ര ഏജന്‍സികളെ പുറകേ വിട്ട് തന്‍െറ സര്‍ക്കാറിനെ താഴെയിറക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.