ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദേശ ഭീമന്മാരുള്‍പ്പെടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍കൈ നല്‍കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശനിയമം അട്ടിമറിക്കുകയാണെന്ന് റൈറ്റ് ടു എജുക്കേഷന്‍ ഫോറം ദേശീയ കണ്‍വീനര്‍ അംബരീഷ് റായ്. ഗ്രാമങ്ങളിലെയും ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളിലെയും കുട്ടികളുടെ പഠനം മുടക്കി അഞ്ചു വര്‍ഷം കൊണ്ട് ഒരു ലക്ഷം സര്‍ക്കാര്‍ സ്കൂളുകളാണ് രാജ്യത്ത് അടച്ചുപൂട്ടിയതെന്നും വിദ്യാഭ്യാസ അവകാശം സംബന്ധിച്ച് സ്റ്റുഡന്‍റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ), ഫെഡറേഷന്‍ ഓഫ് മുസ്ലിം എജുകേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (എഫ്.എം.ഇ.ഐ) എന്നിവര്‍ തയാറാക്കിയ ഡല്‍ഹി പ്രഖ്യാപന രേഖ പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണത്തിന് സൗകര്യമൊരുക്കല്‍ ലക്ഷ്യമിട്ടാണ് ജെ.എന്‍.യു, ഹൈദരാബാദ്, ജാദവ്പുര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നോക്കുന്നത്.
വിദ്യാഭ്യാസ അവകാശ നിയമം ആറുവര്‍ഷം തികഞ്ഞ ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ഒ സംഘടിപ്പിച്ച സോഷ്യല്‍ ഓഡിറ്റിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് ഡല്‍ഹി പ്രഖ്യാപന രേഖ. രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലെയും അധ്യാപക ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടിവേണമെന്നും അധ്യാപന നിലവാരം ഉയര്‍ത്തുന്നതിന് മുഖ്യപരിഗണന നല്‍കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് ഇഖ്ബാല്‍ ഹുസൈന്‍ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചും നടപ്പാക്കിയതിലെ അപാകത ചൂണ്ടിക്കാട്ടിയും എസ്.ഐ.ഒ വിവിധ സംസ്ഥാനങ്ങളില്‍ ബോധവത്കരണ കാമ്പയിനുകള്‍ ആരംഭിക്കും. വിദ്യാഭ്യാസ പ്രവര്‍ത്തക പ്രഫ. ജാനകി രാജന്‍, പ്രഫ. മുഹമ്മദ് സലീം എന്‍ജിനീയര്‍, എഫ്.എം.ഇ.ഐ കോഓര്‍ഡിനേറ്റര്‍ ഇനാമുറഹ്മാന്‍, എസ്.ഐ.ഒ ദേശീയ സെക്രട്ടറിമാരായ ലഈഖ് അഹ്മദ്, അബ്ദുല്‍ വദൂദ്, തൗസീഫ് മടിക്കേരി തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.