അഗസ്റ്റവെസ്റ്റ്ലന്‍ഡ് കൈക്കൂലിക്കേസ് അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടമില്ല

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കോടതിരേഖകളില്‍ വന്ന പേരുകള്‍ കേന്ദ്രീകരിച്ചാണ് അഗസ്റ്റവെസ്റ്റ്ലന്‍ഡ് കൈക്കൂലിക്കേസ് സി.ബി.ഐ അന്വേഷിക്കുകയെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് നാലു  മണിക്കൂറിലേറെ നീണ്ട ചൂടേറിയ ചര്‍ച്ചക്ക് നല്‍കിയ മറുപടിയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യമറിയിച്ചത്. അതേസമയം, സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, ആരോപണവിധേയനായ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍, അഭിഷേക് മനു സിങ്വി, ആനന്ദ് ശര്‍മ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെതന്നെ കോണ്‍ഗ്രസ് രംഗത്തിറക്കിയതോടെ ചൂടേറിയ ചര്‍ച്ചക്കാണ് രാജ്യസഭ ബുധനാഴ്ച സാക്ഷ്യംവഹിച്ചത്. സഭാനേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ അസാന്നിധ്യം നിഴലിച്ച ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ മറുപടി മുന്‍കൂട്ടി തയാറാക്കിക്കൊണ്ടുവന്നതിനും പ്രതിപക്ഷം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി. ബി.ജെ.പി-കോണ്‍ഗ്രസ് അംഗങ്ങളുടെ വാക്തര്‍ക്കങ്ങള്‍ക്ക് പലതവണ സഭ സാക്ഷ്യംവഹിച്ചു.
അഴിമതിക്ക് പ്രേരിപ്പിച്ചതും പിന്തുണ നല്‍കിയതും അതില്‍നിന്ന് ലാഭം നേടിയതും ആരാണെന്നറിയാന്‍ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്ന് പരീകര്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കൈക്കൂലി വാങ്ങിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പരീകര്‍ വ്യക്തമാക്കി. ട്രയല്‍ റണ്‍ നടത്താത്ത അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍നിന്നുതന്നെ യു.പി.എ സര്‍ക്കാറിന് അഴിമതിയിലുള്ള പങ്ക് വ്യക്തമാണെന്ന് ബി.ജെ.പിക്കുവേണ്ടി ചര്‍ച്ചയില്‍ ഇടപെട്ട സുബ്രമണ്യം സ്വാമി ആരോപിച്ചു. എ.പി എന്ന് മാത്രമല്ല, രാഷ്ട്രീയകാര്യ സെക്രട്ടറിയെന്നും ഇറ്റാലിയന്‍ കോടതിരേഖകളില്‍ പറഞ്ഞിട്ടുണ്ടെന്നും അഹ്മദ് പട്ടേലിലേക്ക് സൂചന നല്‍കി സ്വാമി പറഞ്ഞു. സ്വാമിയുടെ ആരോപണങ്ങള്‍ സോണിയയിലേക്കും നീണ്ടതോടെ അദ്ദേഹം ഉദ്ധരിക്കുന്ന രേഖകള്‍ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് ഉപാധ്യക്ഷന്‍ അംഗീകരിച്ചു.

ഇറ്റാലിയന്‍ കോടതിരേഖകളില്‍ പേരുള്ളവരെല്ലാം അഴിമതി നടത്തിയെന്നാണെങ്കില്‍ മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും അഴിമതി നടത്തിയെന്നാണോ പറയുന്നതെന്ന് അഹ്മദ് പട്ടേല്‍ ചോദിച്ചു. തനിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് ഇറ്റാലിയന്‍ കോടതിയോ അന്വേഷണ ഏജന്‍സിയോ പറഞ്ഞതായി തെളിയിച്ചാല്‍ രാജ്യസഭയില്‍ നിന്ന് രാജിവെച്ച് പൊതുജീവിതം അവസാനിപ്പിക്കുമെന്നും അഹ്മദ് പട്ടേല്‍ പറഞ്ഞു. ബ്ളാക്മെയില്‍ ചെയ്യാനും പേടിപ്പിക്കാനും നോക്കേണ്ടെന്ന് സുബ്രമണ്യം സ്വാമിയെ ഓര്‍മിപ്പിച്ച എ.കെ. ആന്‍റണി അന്വേഷണം വേഗത്തിലാക്കി പ്രതികളെ പിടികൂടി ശിക്ഷിക്കാന്‍ സര്‍ക്കാറിനെ വെല്ലുവിളിച്ചു. എല്ലാ സന്നാഹവും കൈവശമുള്ള സര്‍ക്കാര്‍ രണ്ടു വര്‍ഷം ഒന്നും ചെയ്യാതെയിരുന്നിട്ട് പ്രതിപക്ഷത്തെപ്പോലെ ആരോപണങ്ങളുന്നയിക്കുന്നത് അംഗീകരിക്കാനാകില്ളെന്ന് ജനതാദള്‍-യു നേതാവ് ശരദ് യാദവും സമാജ്വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവും വ്യക്തമാക്കി. ബി.ജെ.പിയും കോണ്‍ഗ്രസും ആരോപണ-പ്രത്യാരോപണങ്ങളുമായി മുന്നോട്ടുപോകുന്നതിനാല്‍ നിലവിലുള്ള അന്വേഷണത്തില്‍ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ കഴിയില്ളെന്ന് ചൂണ്ടിക്കാട്ടി ബി.എസ്.പി നേതാവ് മായാവതിയാണ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം സഭയില്‍ ആദ്യം ആവശ്യപ്പെട്ടത്. യു.പി.എയും എന്‍.ഡി.എയും ഒരുപോലെ സി.ബി.ഐയെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ച അനുഭവമുള്ളതിനാല്‍ അന്വേഷണം നിഷ്പക്ഷമാകുന്നതിന് സുപ്രീംകോടതി മേല്‍നോട്ടം വേണമെന്നായിരുന്നു മായാവതിയുടെ ആവശ്യം. സി.പി.എം നേതാവ് തപന്‍ സെന്നും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ മറുപടിയില്‍ ഇക്കാര്യം പരാമര്‍ശിക്കാതെ വന്നപ്പോള്‍ വ്യക്തത ആവശ്യപ്പെട്ട് സംസാരിച്ച പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ രണ്ടു മാസത്തിനകം സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇക്കാര്യം അംഗീകരിക്കാനാകില്ളെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.