ഉത്തരാഖണ്ഡ് വിശ്വാസ വോട്ടെടുപ്പ് ഇന്ന്; കോണ്‍ഗ്രസിന് മേല്‍ക്കൈ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ നടത്തിയ തീവ്രശ്രമത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. ചൊവ്വാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഒമ്പതു വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നടത്തിയ അവസാന ശ്രമവും പൊളിഞ്ഞു. ഹൈകോടതിക്കു പിന്നാലെ സുപ്രീംകോടതിയും വിമത എം.എല്‍.എമാരെ വോട്ടുചെയ്യുന്നത് വിലക്കിയ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കല്‍ കൂടുതല്‍ എളുപ്പമായി.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിന്‍വലിക്കാനും ഹരീഷ് റാവത്തിന് മുഖ്യമന്ത്രിസ്ഥാനം തിരിച്ചുനല്‍കാനും കേന്ദ്രം നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്. എന്നാല്‍, വോട്ടെടുപ്പു സ്വതന്ത്രവും നീതിപൂര്‍വകവുമായി നടന്നുവെന്ന് ആദ്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണം. വിഡിയോവില്‍ രേഖപ്പെടുത്തുന്ന വോട്ടെടുപ്പു വീക്ഷിക്കാന്‍ സുപ്രീംകോടതി നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പു സമയത്തേക്കു മാത്രമായി രാഷ്ട്രപതി ഭരണം പിന്‍വലിച്ചാണ് ഒറ്റ അജണ്ടയുമായി സഭ ചൊവ്വാഴ്ച രാവിലെ സമ്മേളിക്കുന്നത്.  

മാര്‍ച്ച് 28ന് വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം മാറ്റിനിര്‍ത്തി തൊട്ടുതലേന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മോദിസര്‍ക്കാറിന് പുതിയ സംഭവവികാസങ്ങള്‍ വലിയ തിരിച്ചടിയാണ്. അരുണാചലിനു പിന്നാലെ ഉത്തരാഖണ്ഡിലും ഭരണം കൈവിട്ട കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷയാണ് തിങ്കളാഴ്ചത്തെ ഹൈകോടതി, സുപ്രീംകോടതി നിര്‍ദേശങ്ങള്‍. സ്പീക്കര്‍ അയോഗ്യരാക്കിയ വിമതര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ളെന്ന് ഹൈകോടതിയും സുപ്രീംകോടതിയും വ്യക്തമാക്കുകയായിരുന്നു.
ഈ ഒമ്പതു പേരെ മാറ്റിനിര്‍ത്തിയാല്‍ സ്പീക്കറും നോമിനേറ്റഡ് അംഗവും അടക്കം 62 പേര്‍ക്കാണ് വോട്ടവകാശം. ഭൂരിപക്ഷത്തിന് 32 വോട്ട് വേണം. കോണ്‍ഗ്രസിന് 27 അംഗങ്ങള്‍. 28 അംഗങ്ങളുള്ള ബി.ജെ.പിയില്‍ ഭീംലാല്‍ ആര്യക്ക് ചാഞ്ചാട്ടമുള്ളതായി റിപ്പോര്‍ട്ടുണ്ട്.  ഇതിനെല്ലാമിടയിലും ഹരീഷ് റാവത്തിന് അനുകൂലമായി നില്‍ക്കുന്ന സാഹചര്യം അട്ടിമറിക്കാന്‍ ബി.ജെ.പിക്കു കഴിയാനിടയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.