കോൾ മുറിയുന്നതിന്​ നഷ്​ടപരിഹാരം: ട്രായ്​ ഉത്തരവ്​ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: സിഗ്നല്‍ പ്രശ്നം മൂലം മൊബൈല്‍ ഫോണ്‍ സംഭാഷണം പാതിയില്‍ കട്ടായാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒക്ടോബറില്‍ ട്രായ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം പാതിയില്‍ കട്ടാകുന്ന ഓരോ വിളിക്കും ഒരു രൂപ വീതം ദിവസം പരമാവധി മൂന്നു രൂപ ടെലികോം കമ്പനികള്‍ ഉപഭോക്താവിന് നല്‍കണം. ഇതിനെതിരെ  ടെലികോം കമ്പനികള്‍ നല്‍കിയ ഹരജി അംഗീകരിച്ചാണ് ഉത്തരവ്.

ട്രായ് ഉത്തരവ് പുറത്തിറക്കിയ രീതി  ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കോടതി വിലയിരുത്തി. അതേസമയം, കാള്‍ മുറിയലിന് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്ത് നിയമം ഉണ്ടാക്കാന്‍ പാര്‍ലമെന്‍റിന് അവകാശമുണ്ടെന്നും  ട്രായിയുടെ അധികാരപരിധി നിലനില്‍ക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പരിശോധിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ടെലികോം കമ്പനികളുടെ പ്രശ്നങ്ങളെന്ന പോലെ, ഉപഭോക്താവിന്‍െറ താല്‍പര്യം കൂടി സര്‍ക്കാറിന് പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മൊബൈല്‍ ടവറുകളും സ്ഥാപിക്കുന്നതിന് വേഗത്തില്‍ ക്ളിയറന്‍സും ലഭ്യമാക്കുകയാണ് പ്രശ്നപരിഹാരമെന്ന് ടെലികോം കമ്പനികളുടെ കൂട്ടായ്മ സെല്ലുലാര്‍ ഓപ്പറേറ്റേര്‍ അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറഞ്ഞു. കാള്‍ മുറിയല്‍ സംബന്ധിച്ച പരാതി പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ ഉയര്‍ന്നതിനെ തുടര്‍ന്നാണ്  നഷ്ടപരിഹാരം ഏര്‍പ്പെടുത്താന്‍ ട്രായ് തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.