പി.എഫ് ബാലന്‍സ് ട്രാന്‍സ്ഫര്‍: പുതിയ പോര്‍ട്ടലുമായി ഇ.പി.എഫ്.ഒ

ന്യൂഡല്‍ഹി: ഒരു ജോലിയില്‍നിന്ന് മറ്റൊരു ജോലിയിലേക്ക് മാറുമ്പോള്‍ പ്രോവിഡന്‍റ് ഫണ്ട് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പുതിയ പദ്ധതിയുമായി എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ). one employee-one epf account എന്ന വെബ് പോര്‍ട്ടലാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലേറെ അക്കൗണ്ടുകള്‍ എന്ന രീതി മാറ്റാനും ആശയക്കുഴപ്പം ഒഴിവാക്കുകയുമാണ് ഉദ്ദേശ്യം.
എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ഇതിനായി പ്രത്യേകം തയാറാക്കിയ one employee-one epf account എന്ന പോര്‍ട്ടല്‍ വഴിയാണ് അക്കൗണ്ട് മാറേണ്ടത്. പദ്ധതി പ്രകാരം മുന്‍ പി.എഫ് അക്കൗണ്ടില്‍നിന്ന് ബാലന്‍സ് തുക പുതിയ അക്കൗണ്ടിലേക്ക് യു.എ.എന്‍ (യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) വഴി മാറ്റാം. നിലവിലെ ആക്ടിവേറ്റഡ് യു.എ.എന്‍ നമ്പറും യു.എ.എന്‍ ലിങ്ക്ഡ് പി.എഫ് നമ്പറും ഇ.പി.എഫ്.ഒയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് സൈറ്റില്‍ പ്രവേശിക്കേണ്ടത്.
യു.എ.എന്‍, പി.എഫ് നമ്പര്‍ എന്നിവ സാലറി സ്ളിപ്പില്‍ അടയാളപ്പെടുത്തണം. നിലവില്‍ യു.എ.എന്‍ ഉള്ളവരാണെങ്കില്‍ വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി) വഴി നേരിട്ട് അടുത്ത പേജില്‍ പ്രവേശിച്ച് വിവരങ്ങള്‍ നല്‍കാം. പഴയ അക്കൗണ്ടില്‍നിന്ന് പുതിയ അക്കൗണ്ടിലേക്ക് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ മുന്‍ പി.എഫ് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടും. പഴയ 10 അക്ക നമ്പര്‍ ഈ സൗകര്യമുപയോഗിച്ച് കൂട്ടിച്ചേര്‍ക്കാം. മുന്‍ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നല്‍കിയ മുന്‍ പി.എഫ് നമ്പര്‍ ഇ.പി.എഫ്.ഒ ഓഫിസിലേക്ക് അയക്കും. നല്‍കിയ വിവരങ്ങള്‍ എംപ്ളോയര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം മുന്‍ അക്കൗണ്ടിലെ നിക്ഷേപം പുതിയ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.
പി.എഫ് ബാലന്‍സ് ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഇ.പി.എഫ്.ഒ റീജനല്‍ ഓഫിസുമായി ബന്ധപ്പെടാം. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന സൗകര്യം നേരത്തെയുണ്ടെങ്കിലും പഴയ പി.എഫ് അക്കൗണ്ട് വിവരങ്ങളും മറ്റും ഇ.പി.എഫ്.ഒ ഡാറ്റാബേസില്‍ സൂക്ഷിക്കാനും പരിശോധിക്കാനും പുതിയരീതി പ്രകാരം സാധിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.