ഒന്നൊഴികെ എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ഇടതുഭരണമെന്നായിരുന്നു

കോഴിക്കോട്:  കേരളം ഇടത്തേക്ക് ചായുമ്പോള്‍ എക്സിറ്റ് പോള്‍ പ്രവചനത്തെയും കടത്തിവെട്ടിയ വിജയമായി അത്. ഒരു കൂട്ടരൊഴികെ മറ്റെല്ലാ എക്സിറ്റ് പോളുകാരും പ്രവചിച്ചത് ഇടതുഭരണം തന്നെ. പക്ഷേ, സീറ്റുകളുടെ എണ്ണത്തില്‍ ഒരു പ്രവചനവും കൃത്യമായില്ല. എന്നാല്‍, എന്‍.ഡി.എ അക്കൗണ്ട് തുറക്കുമെന്ന പ്രവചനം ഫലിച്ചു. എല്‍.ഡി.എഫ് അധികാരത്തിലത്തെുമെന്ന് ഉറപ്പിച്ചപ്പോഴും നേരിയ ഭൂരിപക്ഷത്തിലായിരിക്കുമെന്നായിരുന്നു മിക്ക സര്‍വേയും. സീറ്റുനില 90 കടക്കുമെന്ന് പ്രവചിക്കാന്‍ ധൈര്യംകാണിച്ചത് ആക്സിസ് മൈ ഇന്ത്യ  മാത്രമായിരുന്നു. 88 മുതല്‍ 101 സീറ്റുവരെ നേടുമെന്ന് ആക്സിസ് പ്രവചിച്ചു. ഈ പ്രവചനമാണ് ഏറ്റവും അടുത്തുനില്‍ക്കുന്നത്. 91 സീറ്റ് നേടി എല്‍.ഡി.എഫ് അധികാരമുറപ്പിച്ചു. 38 മുതല്‍ 41 വരെ സീറ്റുകള്‍ നേടുമെന്ന കണക്കുതെറ്റിച്ച് 47 സീറ്റുകള്‍ യു.ഡി.എഫ് സ്വന്തമാക്കി.
ഇന്ത്യാ ടി.വി എല്‍.ഡി.എഫിന് 78 സീറ്റും യു.ഡി.എഫിന് 58 സീറ്റും പ്രവചിച്ചപ്പോള്‍ എന്‍.ഡി.എക്ക് രണ്ട് സീറ്റാണ് വകയിരുത്തിയത്. ടൈംസ് നൗ സീ വോട്ടര്‍ സര്‍വേയില്‍ എല്‍.ഡി.എഫിന്് 74 മുതല്‍ 82 വരെയും യു.ഡി.എഫിന് 54 മുതല്‍ 62 വരെയും എന്‍.ഡി.എക്ക് നാലുവരെയും പ്രവചിച്ചു.
ടുഡേയ്സ് ചാണക്യ എല്‍.ഡി.എഫ് 75 സീറ്റാണ് പ്രവചിച്ചത്. യു.ഡി.എഫ് 57 സീറ്റ് പിടിക്കുമെന്ന് വിധിയെഴുതിയ ചാണക്യ എന്‍.ഡി.എക്ക് എട്ട് സീറ്റുകളും പ്രവചിച്ചു.

ഇടതുതരംഗം തിരിച്ചറിയാതെ പോയ ന്യൂസ് നേഷന്‍ പ്രവചിച്ചത് യു.ഡി.എഫിന് കൂടുതല്‍ സീറ്റ് കിട്ടുമെന്നും എന്‍.ഡി.എ ഭരണം തീരുമാനിക്കുമെന്നുമായിരുന്നു. 70 സീറ്റ് യു.ഡി.എഫ് നേടുമെന്ന് പ്രഖ്യാപിച്ച ന്യൂസ് നേഷന്‍ എല്‍.ഡി.എഫിനെ 69 സീറ്റിലൊതുക്കി. ഭരണം തീരുമാനിക്കുന്നതില്‍ പങ്കുവഹിക്കാനായില്ളെങ്കില്‍ എന്‍.ഡി.എ ഒരു സീറ്റ് നേടുമെന്ന കാര്യത്തില്‍മാത്രം ന്യൂസ് നേഷന്‍െറ പ്രവചനം ഫലിച്ചു.
 അഞ്ചുമന്ത്രിമാര്‍ തോല്‍ക്കുമെന്ന് ആക്സിസ് നടത്തിയ പ്രവചനം ഭാഗികമായി മാത്രമാണ് ശരിയായത്. കെ.പി. മോഹനനും കെ. ബാബുവും തോറ്റപ്പോള്‍ കെ.എം. മാണി,  ഇബ്രാഹിം കുഞ്ഞ്, എം.കെ. മുനീര്‍ എന്നിവര്‍ വിജയിച്ചു. ഷിബു ബേബിജോണ്‍, ജയലക്ഷ്മി എന്നീ മന്ത്രിമാരുടെ തോല്‍വി ആരും മുന്‍കൂട്ടികണ്ടതുമില്ല. മണ്ഡലം തിരിച്ച് ആക്സിസ് നടത്തിയ സര്‍വേയില്‍ ലീഗ് 18 സീറ്റ് നേടുമെന്ന പ്രവചനം കൃത്യമായി. കേരള കോണ്‍ഗ്രസ്-എമ്മിന് മൂന്ന് സീറ്റ് പ്രവചിച്ചപ്പോള്‍ ആറായി. എറണാകുളത്ത് യു.ഡി.എഫ് മൂന്ന് സീറ്റിലൊതുങ്ങുമെന്ന പ്രവചനം പിഴച്ചു. അഴീക്കോട് നികേഷ് കുമാറിന്‍െറ പരാജയവും പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്‍െറ തകര്‍പ്പന്‍ ജയവും ആക്സിസ് പ്രവചനംപോലെ ഫലിച്ചു.
എന്‍.ഡി.എ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് എല്ലാ എക്സിറ്റ് പോള്‍ സര്‍വേയിലും തെളിഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.