ബുദ്ധസന്ദേശ യാത്രയില്‍ പ്രചരിപ്പിക്കുന്നത് മോദി ദര്‍ശനം, എതിര്‍പ്പുമായി സന്യാസിമാര്‍

ന്യൂഡല്‍ഹി: ബുദ്ധസന്ദേശം പ്രചരിപ്പിക്കാനെന്ന പേരില്‍ ഉത്തര്‍പ്രദേശിലൂടെ നടത്തുന്ന ധര്‍മചേതനാ യാത്രക്കെതിരെ ബുദ്ധസന്യാസിമാര്‍. ഭന്തേ ധര്‍മ വിരിയോ എന്ന സന്യാസിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്ര നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദലിത് വോട്ടുകള്‍ വരുതിയിലാക്കാനാണ് ശ്രമമെന്നും ആരോപിച്ച് പ്രധാന ബുദ്ധമത കേന്ദ്രങ്ങളായ ഗയ, സാരനാഥ്, കുശിനഗര്‍ എന്നിവിടങ്ങളിലെ സന്യാസിമാരാണ് രംഗത്തത്തെിയത്.
കഴിഞ്ഞ മാസം 24ന് ആരംഭിച്ച യാത്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് ആണ് ഫ്ളാഗ്ഒഫ് ചെയ്തത്. ആറു മാസം യു.പിയിലെ ദലിത് കോളനികളിലും ബുദ്ധമത കേന്ദ്രങ്ങളിലും സഞ്ചരിക്കുന്ന യാത്ര  ബുദ്ധ-അംബേദ്കര്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാടാണ് പ്രചരിപ്പിക്കുന്നത്. ബുദ്ധ ദര്‍ശനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ദലിതരില്‍ സ്വാധീനം ചെലുത്തി വോട്ട് അനുകൂലമാക്കാനുള്ള നീക്കം അനാശ്യാസമാണെന്ന് ബുദ്ധസന്യാസിമാരുടെ ഏറ്റവും വലിയ കൂട്ടായ്മായ ആള്‍ ഇന്ത്യര്‍ ഭിക്കു സംഘ് ജനറല്‍ സെക്രട്ടറി ഭന്ദേ പ്രഗ്യാദീപ് അഭിപ്രായപ്പെട്ടു. ഭന്തേ ധര്‍മ വിരിയോ 2004 മുതല്‍ ഭിക്കു സംഘ് ജനറല്‍ സെക്രട്ടറി ആയിരുന്നു.
സാമ്പത്തിക ദുര്‍വിനിയോഗം ശ്രദ്ധയില്‍ പെട്ടതോടെ സ്ഥാനം ഒഴിയേണ്ടിവന്ന അദ്ദേഹം നേരത്തേ രാഷ്ട്രീയ ജനതാദള്‍ പ്രതിനിധിയായി രാജ്യസഭയിലത്തെിയെങ്കിലും വിമത പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയുടെ പിന്തുണയും വൈകാതെ പാര്‍ലമെന്‍റംഗത്വവും  നഷ്ടപ്പെടുകയായിരുന്നു.  

ഏതാനും മാസം മുമ്പ് മോദിയെ സന്ദര്‍ശിച്ച അദ്ദേഹം ബുദ്ധമതത്തെ തകര്‍ക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാരാനാഥിലെ മുതിര്‍ന്ന സന്യാസി  ഭന്തേ ചന്ദ്രിമ പറഞ്ഞു. ബുദ്ധമതത്തിനെതിരായ ബ്രാഹ്മണ്യ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്നും ബുദ്ധമതസ്ഥര്‍ക്കിടയിലെ ആശാറാം ബാപ്പുവാണ് ഇയാളെന്നും ചന്ദ്രിമ കുറ്റപ്പെടുത്തി. തണുപ്പന്‍ പ്രതികരണമാണ് യാത്രക്ക് ലഭിക്കുന്നത്. എന്നാല്‍, കൊടുംചൂട് മാറുന്നതോടെ പ്രതികരണം അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ്. അംബേദ്കര്‍ ബുദ്ധമതം ആശ്ളേഷിച്ചതിന്‍െറ ഓര്‍മക്ക് ഒക്ടോബര്‍ 14ന് ലഖ്നോവില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ മോദി പ്രസംഗിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.