സോണിയ മക്കള്‍ക്ക് വേണ്ടി വഴിമാറണമെന്ന് അമരീന്ദര്‍ സിങ്

അമൃതസര്‍: സോണിയ ഗാന്ധിക്ക് മക്കള്‍ക്കു വേണ്ടി വഴിമാറാനുള്ള സമയമായിരിക്കുന്നുവെന്ന് അമൃതസര്‍ എം.പി അമരീന്ദര്‍ സിങ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മകനും പാര്‍ട്ടി വൈസ് പ്രസിഡന്‍റുമായ രാഹുല്‍ ഗാന്ധിക്കും മകള്‍ പ്രിയങ്ക ഗാന്ധി വാദ്രക്കും വഴിമാറാന്‍ തയാറാകണമെന്ന് അമരീന്ദര്‍ സിങ് തുറന്നടിച്ചു.
1998 മുതല്‍ സോണിയ ഗാന്ധിയുടെ കൂടെ പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. അവര്‍ നല്ളൊരു നേതാവാണ്. എന്നാല്‍ സോണിയാജിക്ക് പ്രായം 70 നോട് അടുക്കുന്നു. അവര്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവര്‍ക്കിനി നേതൃത്വത്തില്‍ നിന്നുമുള്ള മാറ്റവും വിശ്രമവും ആവശ്യമാണ്. ഇത് ഊര്‍ജസ്വലരായ പുതിയ തലമുറയുടെ കാലമാണ്. രാഷ്ട്രീയ നേതൃത്വം മക്കളിലേക്ക് കൈമാറാന്‍ സോണിയ ഗാന്ധി തയാറാകണം- അമരീന്ദര്‍ സിങ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി നേതൃഗുണമുള്ള വ്യക്തിയാണ്. സമൂഹത്തോട് വ്യക്തിപരമായ കാഴ്ചപ്പാടുള്ള ആളാണ്. കാര്യങ്ങള്‍ മനസിലാക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേട്ട് പരിഹാരമുണ്ടാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പിതാവ് രാജീവ് ഗാന്ധിയെ പോലെ അതുല്യമായ വ്യക്തിത്വത്തിന് ഉടമയാണ് രാഹുലെന്നും സിങ് പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കണമെന്ന നിര്‍ദേശം നിരവധി നേതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ആഘാതത്തില്‍  നിന്ന് പാര്‍ട്ടിയെ മോചിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ നേതൃമാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമാവുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.