ഡീസല്‍ വാഹനനിരോധം കൂടുതല്‍ നഗരങ്ങളിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കൂടുതല്‍ നഗരങ്ങളില്‍ 2000 സി.സിക്ക് മുകളിലെ ഡീസല്‍ വാഹനങ്ങള്‍ വിലക്കാനുള്ള നീക്കത്തില്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു. റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു.
ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ നിരോധനം ലഖ്നോ, പാറ്റ്ന, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ 11 നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ നീക്കം. ഡല്‍ഹിയിലേതിന് സമാനമായരീതിയില്‍ 2000 സി.സിക്ക് മുകളിലെ ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ തടയുന്നതിനും പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ റോഡുകളില്‍നിന്ന് നീക്കാനും ഹരിത ട്രൈബ്യൂണല്‍ കേരള സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കേരള ഹൈകോടതി പരിഗണിക്കുന്നതിനിടയിലാണ് വാഹനങ്ങള്‍മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ വാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് എല്ലാ സംസ്ഥാനങ്ങളോടും ദേശീയ ഹരിത ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങള്‍, ഡീസല്‍ വാഹനങ്ങളുടെ എണ്ണം, ജനസംഖ്യ, മലിനീകരണ തോത് എന്നീ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ മറുപടി നല്‍കാന്‍ വൈകുന്നതില്‍ ട്രൈബ്യൂണല്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതിനു മുമ്പ് റിപ്പോര്‍ട്ട് ലഭിച്ചില്ളെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും അല്ലാത്തപക്ഷം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
അതിനിടെ ഡീസല്‍ വാഹന നിയന്ത്രണം ഡല്‍ഹിക്ക് പുറത്തേക്ക് വ്യാപിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കി. പ്രധാന നഗരങ്ങളിലെ നിരോധം വന്‍കിട വാഹന വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. ഡീസല്‍ വാഹന നിയന്ത്രണം അപ്രായോഗികമായ നിര്‍ദേശമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അഭിപ്രായപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.