ആയുധ വ്യാപാരിയുമായി ബന്ധം; റോബര്‍ട് വാദ്രക്കെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയുടെ മരുമകനും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട് വാദ്രക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍െറ അന്വേഷണം. ലണ്ടനില്‍ സഞ്ജയ് ഭണ്ഡാരി 19 കോടി രൂപ വിലമതിക്കുന്ന വീട്  റോബര്‍ട് വാദ്രക്കായി വാങ്ങിയിരുന്നെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്‍െറ അന്വേഷണം. എന്നാല്‍  വാദ്രയുടെ അഭിഭാഷകന്‍ ഇക്കാര്യം നിഷേധിച്ചു.

കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനലാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് കൊണ്ട് വന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭണ്ഡാരിയുടെ 18 വസതികളില്‍ നടത്തിയ റെയ്ഡില്‍ ലണ്ടനിലെ വസതിയുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് മെയില്‍ ഇടപാടുകള്‍ നടത്തിയതായി കണ്ടത്തെിയിരുന്നു. ഇത് സഞ്ജയ് ഭണ്ഡാരിയുടെ ബന്ധു സുമിത് ഛദ്ദ, വാദ്രക്കും എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് മനോജ് അറോറക്കും അയച്ചവയാണ്. ഇതില്‍ നിന്നാണ് ഈ ഇടപാട് വാദ്രക്ക് വേണ്ടിയായിരുന്നെന്ന സംശമുള്ളത്.  

ഓഫ്സെറ്റ് ഇന്ത്യ സൊല്യൂഷന്‍സ് എന്ന കമ്പനി നടത്തുന്ന സഞ്ജയ് ഭണ്ഡാരിയെക്കുറിച്ച് 2014 മുതല്‍ അന്വേഷണം നടക്കുന്നുണ്ട്. റെയ്ഡിനിടയില്‍ ഇയാള്‍ തന്‍െറ ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുള്ളിലെ ഡേറ്റ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതില്‍ നിന്നാണ് 2009നും 2014നും ഇടയില്‍ ഭണ്ഡാരിയുടെ 35 കമ്പനികളുടെ സംശയകരമായ ഇടപാടിന്‍റെ വിവരങ്ങള്‍ കണ്ടെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.