പൂജാരിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ; പങ്കജ മുണ്ടെ വീണ്ടും വിവാദത്തില്‍

മുംബൈ: ക്ഷേത്രത്തില്‍ ദസറ ദിനത്തില്‍ പ്രസംഗിക്കാന്‍ അനുമതി നിഷേധിച്ച പൂജാരിയെ മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ളിപ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബീഡ് ജില്ലയിലെ സ്വന്തം മണ്ഡലമായ പര്‍ളിയിലുള്ള ഭഗവന്‍ഗഢ് ക്ഷേത്രത്തിലെ പൂജാരിയെ ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയോ. ശബ്ദം പങ്കജയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രതികരിക്കാന്‍ പങ്കജ തയാറായിട്ടുമില്ല.

ദസറ ദിനത്തില്‍ ക്ഷേത്ര വേദി രാഷ്ട്രീയ പ്രസംഗത്തിന് അനുവദിക്കില്ളെന്ന പൂജാരിയുടെ നിലപാട് നാംദേവ് ശാസ്ത്രി മഹാരാജയുടെ അനുയായികളും പങ്കജ മുണ്ടെയുടെ അണികളും തമ്മില്‍ തര്‍ക്കത്തിന് വഴിവെച്ചിരുന്നു. നാംദേവ് ശാസ്ത്രിയുടെ അനുയായികളെ കള്ളക്കേസില്‍ കുടുക്കി നാടുവിടാന്‍ പ്രേരിപ്പിക്കുമെന്നും ഗ്രാമീണ മേഖലയിലെ ചെറുകിട തൊഴിലാളികളെ സഹായിക്കാനുള്ള ഫണ്ട് വിനിയോഗിച്ച് ആളുകളെ വിലക്കെടുക്കുമെന്നും നേരത്തേ തൊഴിലാളികള്‍ക്കായുള്ള ഫണ്ടില്‍നിന്ന് ചോദിച്ചപ്പോഴൊക്കെ പണം തന്നത് ഓര്‍മവേണമെന്നും മേലില്‍ പണം തരില്ളെന്നുമൊക്കെയാണ് പങ്കജയുടെതെന്ന് സംശയിക്കുന്ന ശബ്ദത്തില്‍ ഓഡിയോയിലുള്ളത്.

തന്‍െറ ആളുകള്‍ നിസ്സാരരല്ളെന്ന ഭീഷണിയും മുഴക്കുന്നുണ്ട്. അധികാര ദുര്‍വിനിയോഗമാണ് പങ്കജ നടത്തിയതെന്നും ഉടന്‍ രാജിവെക്കണമെന്നും പങ്കജയുടെ പിതൃ സഹോദര പുത്രനും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു. മന്ത്രിപദം ഏറ്റെടുത്ത് ആറു മാസം തികയുംമുമ്പേ നഴ്സറികളിലും ആദിവാസി സ്കൂളുകളിലും നിലവാരം കുറഞ്ഞ ധാന്യങ്ങളും ചിക്കിയും വിതരണം ചെയ്തത് വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.