മസ്ഊദ് അസ്ഹറിന് നിരോധം: എതിര്‍പ്പിനെ ന്യായീകരിച്ച് ചൈന


ബെയ്ജിങ്: ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എന്‍ നിരോധം ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം രണ്ടാം തവണയും എതിര്‍ത്തതിനെ ന്യായീകരിച്ച് ചൈന. ‘വ്യത്യസ്തമായ അഭിപ്രായങ്ങളുടെ’ പേരിലാണ് ഇന്ത്യയുടെ ആവശ്യം എതിര്‍ത്തതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടെ നീക്കം അപകടകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. 15 അംഗ യു.എന്‍ രക്ഷാസമിതിയില്‍ ചൈന മാത്രമാണ് ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ക്കുന്നത്. ഇന്ത്യയുടെ അപേക്ഷയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ചൈന പറഞ്ഞു. രണ്ടാം തവണയും ചൈന എതിര്‍ത്തതോടെ ഇന്ത്യയുടെ അപേക്ഷ മൂന്നു മാസം കഴിഞ്ഞാണ് പരിഗണിക്കുക.

അസ്ഹറിന് നിരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യ യു.എന്‍ രക്ഷാസമിതിയില്‍ അപേക്ഷ നല്‍കിയത്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ അസ്ഹറിന് പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യ യു.എന്നിനെ സമീപിച്ചത്. അധികസമയം ലഭിക്കുന്നത് ഇന്ത്യയുടെ ആവശ്യത്തിന്മേല്‍ കൂടുതല്‍ ചര്‍ച്ചക്ക് അവസരമൊരുക്കുമെന്ന് ചൈന പറഞ്ഞു. അതേസമയം, എല്ലാ തരത്തിലുമുള്ള ഭീകര പ്രവര്‍ത്തനങ്ങളെയും ചൈന എതിര്‍ക്കുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈമാസം 15, 16 തീയതികളില്‍ ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയവും വരുമെന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.