ഏക സിവില്‍കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ല –കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ളെന്ന് കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ നടക്കുന്നത് ഇതുസംബന്ധിച്ച അഭിപ്രായ രൂപവത്കരണം മാത്രമാണെന്നും കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും മുഖ്താര്‍ അബ്ബാസ് നഖ്വിയും വ്യക്തമാക്കി. അതേസമയം, മുത്തലാഖ് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിന് ചേരാത്തതാണെന്ന് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് നിയമ കമീഷന്‍ ജനങ്ങളില്‍നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഒരു പരിഷ്കൃത സമൂഹത്തില്‍ പല കാര്യങ്ങളിലും അഭിപ്രായ രൂപവത്കരണം നടക്കും. ഇപ്പോള്‍ നടക്കുന്നത് അത്തരത്തില്‍ അക്കാദമിക് തലത്തിലുള്ള അഭിപ്രായ രൂപവത്കരണംമാത്രമാണ്. എന്നാല്‍, ഏക സിവില്‍കോഡ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ളെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയുടെയും കാര്യമില്ളെന്നും നഖ്വി പറഞ്ഞു.

എന്നാല്‍, നിയമ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചാല്‍ എന്ത് നടപടി കൈക്കൊള്ളുമെന്ന ചോദ്യത്തിന് അത് കിട്ടുമ്പോഴല്ളേ എന്നായിരുന്നു നഖ്വിയുടെ ഒഴുക്കന്‍ മട്ടിലുള്ള മറുപടി. മുത്തലാഖ് വിഷയം കോടതിയിലായതിനാല്‍ താന്‍ അക്കാര്യത്തില്‍ ഒന്നും പറയില്ളെന്നും നഖ്വി പറഞ്ഞു. ഏക സിവില്‍കോഡില്‍ അഭിപ്രായം തേടുകയാണ് ഇപ്പോള്‍ നിയമ കമീഷന്‍ ചെയ്യുന്നതെന്ന നിലപാട് ആവര്‍ത്തിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മുത്തലാഖ് രാജ്യത്തിന് ചേര്‍ന്നതല്ളെന്ന് അഭിപ്രായപ്പെട്ടു. സമത്വ സങ്കല്‍പത്തിനെതിരായ മുത്തലാഖ് ഇന്ത്യ പോലൊരു ജനാധിപത്യത്തിന് ചേര്‍ന്നതല്ലാത്തതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അതിനെതിരായ നിലപാട് സ്വീകരിച്ചതെന്ന് നിയമമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.