ന്യൂഡൽഹി: സർജിക്കൽ സ്ട്രൈക്ക് സംബന്ധിച്ച പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ അവകാശവാദത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ഇന്ത്യ പങ്കെടുത്ത 1947, 1962, 1965 1972 യുദ്ധങ്ങളിൽ സർക്കാരുകൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തിയിരുന്നതായി കോൺഗ്രസ് വ്യക്തമാക്കി. നുണ പറഞ്ഞ പരീക്കർ മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
സൈനികരുടെ രക്തവും സമർപ്പണവും വെച്ച് വോട്ട് തേടുന്ന തരത്തിൽ പരീക്കറിന് അന്ധത ബാധിച്ചിരിക്കുന്നു. സർജിക്കൽ സ്ട്രൈക്കുകൾ ഇന്ത്യയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വീമ്പിളക്കുന്നു. സായുധ സേനാംഗങ്ങളെയും ജീവനക്കാരെയും അവഹേളിച്ചിരിക്കുകയാണ് അദ്ദേഹം- കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചൂണ്ടിക്കാട്ടി. പരീക്കർ ഉടൻ തന്നെ സൈന്യത്തോട് ക്ഷമാപണം നടത്തണം. ബി.ജെ.പി പ്രസിഡന്റിനെയും പ്രതിരോധ മന്ത്രിയെയും നിലക്ക് നിർത്തേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാധ്യതയാണ്. തങ്ങൾ ഭരിക്കുമ്പോൾ സുരക്ഷാ കാര്യങ്ങൾ പക്വതയോടെയും കാര്യഗൗരവത്തോടൊയും കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ ഭരണ കാലത്തൊന്നും സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടില്ലെന്ന് നേരത്തേ മനോഹർ പരീക്കർ അവകാശപ്പെട്ടിരുന്നു. താൻ രണ്ടു വർഷമായി പ്രതിരോധ മന്ത്രിയായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻവർഷങ്ങളിലൊന്നും ഇത്തരത്തിലൊരു നടപടി ഉണ്ടായിട്ടില്ലെന്നുമാണ് താനറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.