സിംഗൂര്‍: കോര്‍പറേറ്റ് കമ്പത്തിന് കോടതിയുടെയും പ്രഹരം കര കയറാതെ സി.പി.എം

ന്യൂഡല്‍ഹി: സിംഗൂരില്‍ ടാറ്റക്കുവേണ്ടി ഭൂമി ഏറ്റെടുത്തു നല്‍കിയ കേസിലെ സുപ്രീംകോടതി വിധി, ജനകീയ രോഷത്തിന്‍െറ ചതുപ്പില്‍പെട്ടു കിടക്കുന്ന സി.പി.എമ്മിന് പുതിയ പ്രഹരമായി. കര്‍ഷകരെ മറന്ന് ഇരുപ്പൂ പാടശേഖരം ഫാക്ടറിയുണ്ടാക്കാന്‍ ഏറ്റെടുത്തു കൊടുത്ത കോര്‍പറേറ്റ് ചങ്ങാത്തത്തില്‍ ‘പൊതുതാല്‍പര്യം’ ഇല്ളെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

ഭൂപരിഷ്കരണം നടപ്പാക്കി കര്‍ഷക, തൊഴിലാളികളുടെ വന്‍പിന്തുണ ആര്‍ജിക്കാനും മൂന്നു പതിറ്റാണ്ടിലേറെ അധികാരത്തില്‍ തുടരാനും കഴിഞ്ഞ പാര്‍ട്ടി, കര്‍ഷകവിരുദ്ധരായി മാറിയതിന്‍െറ നേര്‍ക്കാഴ്ചയായിരുന്നു സിംഗൂരിലേത്. ‘തൃണമൂല്‍’ മാത്രമായി ഒതുങ്ങേണ്ടിവന്ന മമത ബാനര്‍ജി ബഹുഭൂരിപക്ഷത്തിന്‍െറ പിന്തുണ ആര്‍ജിച്ചുതുടങ്ങിയത് സിംഗൂരിലെ കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തിയാണ്.

ജലസമൃദ്ധിയുള്ള 1000 ഏക്കര്‍ പാടശേഖരം ടാറ്റക്ക് ഏറ്റെടുത്തു നല്‍കാനുള്ള തീരുമാനത്തെ ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. പതിറ്റാണ്ടുകളായി അധികാരം കൈയാളുന്ന പാര്‍ട്ടി ധാര്‍ഷ്ട്യത്തിന്‍െറ മുഷ്ടി ചുരുട്ടി സമരക്കാരെ നേരിട്ടു. എന്നാല്‍, മമതയുടെ പിന്തുണയില്‍ ആളിക്കത്തിയ കോര്‍പറേറ്റ് വിരുദ്ധ വികാരം, സംസ്ഥാനത്ത് സി.പി.എമ്മിന്‍െറ അടിവേരിളക്കിയ പ്രക്ഷോഭമായി നീറിപ്പടര്‍ന്നു. നന്ദിഗ്രാമിലും വ്യവസായത്തിന്‍െറ പേരില്‍ ഗ്രാമീണരെ തള്ളിമാറ്റി സി.പി.എം കോര്‍പറേറ്റുകള്‍ക്കുവേണ്ടി കളിച്ചു. ഇന്ന് നന്ദിഗ്രാമില്‍ സി.പി.എം എന്നു പറയാന്‍ പാര്‍ട്ടിക്കാര്‍ പേടിക്കുന്നതാണ് സ്ഥിതി. രണ്ടു തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്കിടയിലെ അവിശ്വാസം മാറ്റിയെടുക്കാന്‍ അടിത്തറയിളകിയ പാര്‍ട്ടിക്ക് കഴിയുന്നില്ല.

ബുദ്ധദേവ് രണ്ടാമതും അധികാരത്തില്‍ തിരിച്ചത്തെിയശേഷം 2006ലാണ് ടാറ്റക്ക് കാര്‍ ഫാക്ടറിക്കുവേണ്ടി സിംഗൂരില്‍ പാടം ഏറ്റെടുത്തു നല്‍കാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. മമതയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകരെ പൊലീസ് അടിച്ചൊതുക്കുന്നതിനിടയില്‍ 2007ല്‍ ടാറ്റ ഫാക്ടറി നിര്‍മാണം തുടങ്ങി. 25 ദിവസം നീണ്ട നിരാഹാരസമരംകൊണ്ടാണ് മമത അതിനെ നേരിട്ടത്. സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ അകമ്പടിയോടെ മമത 2011ല്‍  സി.പി.എമ്മിന്‍െറ അധികാരം തെറിപ്പിച്ചു.

ഭൂമി വിട്ടുനല്‍കാന്‍ തയാറല്ലാത്ത കര്‍ഷകരുടെ 400 ഏക്കര്‍ തിരിച്ചുകൊടുക്കാനായിരുന്നു മമത മന്ത്രിസഭയുടെ ആദ്യ തീരുമാനം. സര്‍ക്കാര്‍ പാസാക്കിയ സിംഗൂര്‍ ഭൂമി പുനരധിവാസ-വികസന ബില്ലിനെതിരെ ടാറ്റ ഹൈകോടതിയെ സമീപിച്ചെങ്കിലും സിംഗ്ള്‍ ബെഞ്ച് വിധി എതിരായിരുന്നു. എന്നാല്‍, 2012ല്‍ ഡിവിഷന്‍ ബെഞ്ച് ഈ ബില്‍ അസാധുവാക്കി. അങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.