ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കുറവ് ബിരുദധാരികള്‍ മുസ്ലിം സമുദായത്തില്‍. ജൈനരാണ് വിദ്യാഭ്യാസക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. ജൈനസമുദായത്തിലെ കാല്‍ഭാഗത്തിലേറെ അംഗങ്ങള്‍ക്കും ബിരുദമോ അതിനുമുകളിലോ യോഗ്യതയുണ്ട്. ടെക്നിക്കല്‍ ഡിപ്ളോമക്കാരില്‍ മുന്‍നിരയില്‍ ക്രൈസ്തവരാണ്-2.2 ശതമാനം. സിഖുകാരില്‍ 0.8 ശതമാനവും ടെക്നിക്കല്‍ ഡിപ്ളോമക്കാരാണ്. മുസ്ലിംകളിലെ ബിരുദധാരികളുടെ എണ്ണം ശതമാനത്തില്‍ ദേശീയ ശരാശരിയുടെ പകുതിയാണ്. ആറു ശതമാനമാണ് ദേശീയ ശരാശരി. വിവിധ സമുദായക്കാരിലെ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച് സെന്‍സസ് 2011ലെ ഏറ്റവും പുതിയ കണക്കാണിത്.
ബിരുദധാരികളുടെ ദേശീയ ശരാശരി ആറു ശതമാനമാകുമ്പോള്‍ സാങ്കേതികവിദ്യാഭ്യാസത്തില്‍ ഇത് 0.6 ശതമാനമാണ്. വികസിത രാജ്യങ്ങളില്‍ 30 മുതല്‍ 50 ശതമാനം വരെ ബിരുദധാരികളുണ്ട്. 2001ലെയും 2011ലെയും സെന്‍സസ് കണക്ക് താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിംകളിലെ ബിരുദധാരികളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനയുണ്ട്. ഹിന്ദുക്കളില്‍ ഇത് 55 ശതമാനമാണ്. ബുദ്ധമതക്കാരില്‍ ഇത് 74 ശതമാനമാണ്. രാജ്യത്താകെ ബിരുദധാരികളുടെ എണ്ണത്തില്‍ 54 ശതമാനം വര്‍ധനയാണുണ്ടായത്. ടെക്നിക്കല്‍ ഡിപ്ളോമക്കാരുടെ എണ്ണത്തില്‍ മുസ്ലിം സമുദായത്തിലുണ്ടായ വര്‍ധന 81 ശതമാനവും ബുദ്ധമതക്കാരില്‍ 130 ശതമാനവുമാണ്. ദേശീയ ശരാശരി 68 ശതമാനവും.
എന്നാല്‍, മറ്റു സമുദായങ്ങളേക്കാള്‍ വേഗത്തില്‍ മുസ്ലിംകളും ബുദ്ധമതക്കാരും വിദ്യാഭ്യാസകാര്യത്തില്‍ മുന്നോട്ടുവരുന്നു. 2011ലെ സെന്‍സസിന് അഞ്ചുവര്‍ഷത്തിനുശേഷമുള്ള കണക്കുകള്‍ പുറത്തുവിടുന്ന നടപടിക്രമങ്ങളിലാണ് സെന്‍സസ് ഓഫിസ്. നിരക്ഷരത കുറയുകയും പ്രൈമറി, സെക്കന്‍ഡറി തലങ്ങളില്‍ വിദ്യാഭ്യാസം സാര്‍വത്രികമാകുകയും ചെയ്തിട്ടും ഉന്നതപഠന മേഖലകളില്‍ ദുരവസ്ഥ തുടരുകയാണ്. 90കളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്കൂളുകളില്‍ പ്രവേശം ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് തളര്‍ച്ചയനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.