ഈ ഹോട്ടലില്‍ അതിഥികള്‍ നായകള്‍

ചെന്നൈ: കേരളത്തിലെ ‘നായ് വിവാദം’ ദേശീയശ്രദ്ധ നേടിയിരിക്കെ നായ് സംരക്ഷണ സംരംഭകത്വത്തില്‍ വിജയവഴി ചാടിക്കടന്ന യുവാവിനെ മലയാളികള്‍ക്കും മാതൃകയാക്കാം. നായ്ക്കളെ കൊല്ലാക്കൊല ചെയ്തെന്ന നാണക്കേടില്‍നിന്ന് രക്ഷയുമാകും. നായ്ക്കള്‍ക്കായി ഹോട്ടല്‍ (ഹോട്ടല്‍ ഫോര്‍ ഡോഗ്സ്) തുറന്ന മൃഗസ്നേഹികൂടിയായ ശ്രാവണ്‍ കൃഷ്ണ ലാഭത്തിന്‍െറ പത്ത് ശതമാനം ചെലവഴിക്കുന്നത് തെരുവുനായ്ക്കളുടെ സംരക്ഷണത്തിനാണ്. ചെന്നൈ ഈസ്റ്റ്കോസ്റ്റ് റോഡിലെ അക്കരൈ പ്രദേശത്തെ 20 സെന്‍റ് ഭൂമിയിലാണ് അത്യാധുനിക സൗകര്യത്തോടുകൂടിയുള്ള സ്ഥാപനം. വീടുവിട്ടുപോകുമ്പോള്‍ ഓമനമൃഗങ്ങള്‍ തനിച്ചാണെന്ന് ഇവിടെയത്തെുന്നവര്‍ വേവലാതിപ്പെടാറില്ല.

എവിടെയിരുന്നും ഇന്‍റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് കാണാനും കഴിയും. ഉടമകളില്‍നിന്ന് നിശ്ചിതതുക ഈടാക്കിയാണ് സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനം. മണലില്‍ കളിക്കാനും കുളത്തില്‍ നീന്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. ചാടിക്കളിക്കാന്‍ കളിക്കോപ്പുകളും നല്‍കും. എ.സിയുടെ ശീതളിമയില്‍ വിശ്രമിക്കുന്നത് പ്രത്യേകം കൂടുകളിലാണ്. പ്രശ്നക്കാരെ പ്രത്യേക കൂട്ടിലടക്കും.

കുഞ്ഞന്‍ നായ്ക്കളായ പൂഡില്‍ മുതല്‍ പോമറാനിയന്‍, ജര്‍മന്‍ ഷെപ്പേഡ്, ബുള്‍ ഡോഗ് തുടങ്ങി ഒരേയൊരു യജമാനനെ മാത്രം അനുസരിക്കുന്ന പ്രത്യേക പരിശീലനം ലഭിച്ചവ വരെയുണ്ട്.  ദിവസവും കുറഞ്ഞത് 30ഓളം നായ്ക്കളത്തൊറുണ്ട്. സ്വദേശി നായ്ക്കള്‍ക്ക് 300 രൂപയും വിദേശികള്‍ക്ക് 600 രൂപവരെയുമാണ് ദിനംപ്രതി ഈടാക്കുന്നത്. പ്രത്യേക ഭക്ഷണമാണെങ്കില്‍ പണം കൂടുതല്‍ നല്‍കേണ്ടിവരും. വാര്‍ഷിക അംഗത്വം ലഭിക്കാന്‍ 8000- 12,000 വരെയാകും. ലയോള കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ ശ്രാവണ്‍ ആറുവര്‍ഷമായി മൃഗസ്നേഹികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നു.

ഹോട്ടല്‍ ഫോര്‍ ഡോഗ്സില്‍നിന്ന് കിട്ടുന്ന വരുമാനത്തിന്‍െറ പത്ത് ശതമാനം അപകടത്തില്‍പെടുന്ന തെരുവുനായ്ക്കളുടെ സംരക്ഷണത്തിന് ചെലവഴിക്കുന്നു. വാഹനങ്ങള്‍ തട്ടി കൈകാലുകള്‍ നഷ്ടപ്പെട്ടവ, പരിക്കേറ്റത്, ചെന്നൈ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ ഓടയില്‍നിന്ന് രക്ഷിച്ചവ തുടങ്ങി കഴിഞ്ഞമാസം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മൂന്നാംനിലയില്‍നിന്ന് താഴേക്കെറിഞ്ഞ നായയെ സംരക്ഷിക്കുന്നതും ഈ കൂട്ടായ്മയില്‍ പെട്ടവരാണ്.

സാമൂഹിക മാധ്യമങ്ങളില്‍  ഇവള്‍ ‘ഭദ്ര’ എന്നപേരിലാണ് അറിയപ്പെടുന്നത്.  ഭദ്രയെ സംരക്ഷിക്കുന്നതിന് മദ്രാസ് ഹൈകോടതിയെ സമീപിച്ചത് ശ്രാവണ്‍ കൃഷ്ണ, ആന്‍റണി റൂബിന്‍, ജെന്നിഫര്‍ എന്നിവരടങ്ങിയ യുവസംഘമാണ്. നായയുടെ സംരക്ഷണത്തിനും തുടര്‍ ചികിത്സകള്‍ക്കുമായി കേസിലെ പ്രതികളായ രണ്ടുപേരും നാലുലക്ഷം രൂപ മൃഗസംരക്ഷണ ബോര്‍ഡില്‍ കെട്ടിവെക്കണമെന്ന് അന്വേഷണസമിതി നിര്‍ദേശിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.