ഉന്നതരോട് അരുതെന്ന് പറയാനുള്ള കരുത്ത് സംരക്ഷിക്കപ്പെടണം –രഘുറാം രാജന്‍

ന്യൂഡല്‍ഹി: സര്‍ക്കാറിന്‍െറ ഉന്നത പദവികളില്‍ ഇരിക്കുന്നവരോട്  ‘അരുത്’ എന്ന് പറയാനുള്ള റിസര്‍വ് ബാങ്കിന്‍െറ കരുത്ത് സംരക്ഷിക്കപ്പെടണമെന്ന് സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രഘുറാം രാജന്‍. പദവിയില്‍ നിന്നിറങ്ങാന്‍ ഒരു ദിവസം ശേഷിക്കെ,  സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ ‘കേന്ദ്ര ബാങ്കിന്‍െറ സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശക്തവും സ്വതന്ത്രവുമായ കേന്ദ്ര ബാങ്ക് രാജ്യത്ത് വേണം. അതിന് ‘നോ’ എന്നു പറയാനുള്ള  സ്വാതന്ത്ര്യം  സംരക്ഷിക്കപ്പെടണം. ചിലതൊക്കെ  ‘പാടില്ല’  എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഇല്ളെങ്കില്‍ റിസര്‍വ് ബാങ്കിന് ഇങ്ങനെ നിലനില്‍ക്കാന്‍ കഴിയില്ളെന്ന് സര്‍ക്കാര്‍ നയങ്ങളുമായുള്ള അഭിപ്രായവ്യത്യാസം സംബന്ധിച്ച് തന്‍െറ മുന്‍ഗാമി ഡോ. സുബ്ബറാവുവിന്‍െറ വാക്കുകള്‍  അനുസ്മരിച്ച് രാജന്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍,  കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളിലെ  ഉന്നതരോട്  ചില സന്ദര്‍ഭങ്ങളില്‍ ‘അരുത്’ എന്ന് റിസര്‍വ് ബാങ്കിന് കണിശ നിലപാട് സ്വീകരിക്കേണ്ടിവരും. ഇക്കാര്യം ഡോ. സുബ്ബറാവു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സെന്‍ട്രല്‍ ബാങ്കിന്  കൂട്ടായ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്.  എന്നാല്‍, പല കാര്യങ്ങളിലും  റിസര്‍വ് ബാങ്കിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ ദോഷം കാണുന്ന സ്ഥിതിയുണ്ട്. ആര്‍.ബി.ഐ ബോര്‍ഡിലെ ഒഴിവുകള്‍ കുറേ മാസമായി നികത്തിയിട്ടില്ല. ഈ ഒഴിവുകള്‍ ഉടന്‍ നികത്തുകയും വിദഗ്ധരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.