ന്യൂഡൽഹി: തനിക്ക് ഇന്ത്യയിലേക്ക് വരാൻ താൽപര്യമുണ്ടെന്നും എന്നാൽ പാസ്പോർട്ട് റദ്ദാക്കിയതിനാൽ വരാൻ കഴിയില്ലെന്നും മദ്യരാജാവ് വിജയ് മല്യ ഡൽഹി കോടതിയെ അറിയിച്ചു. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഘിച്ച കേസിന്‍റെ വിസ്താരം നടക്കുന്നതിനിടെ മല്യയുടെ അഭിഭാഷകനാണ് കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
അതേസമയം, മല്യ മറ്റുപല കേസിൽ നിന്ന് തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നുവെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ എവൻ.കെ മാട്ട കോടതിയെ അറിയിച്ചു. ഒക്ടോബർ നാലിന് കേസ് പരിഗണിക്കുമ്പോൾ മല്യയുടെ പ്രതികരണം ഹാജരാക്കണമെന്ന് കോടതി നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.
വിജയ്മല്യയുടെ 6600 കോടിയുടെ വസ്തുവകകളും ഷെയറുകളും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കണ്ടുകെട്ടിയിരുന്നു. മഹാരാഷ്ട്രയിലെ 200 കോടി വിലയുള്ള ഫാംഹൗസ്, ബംഗളുരുവിലെ 800 കോടിരൂപ വിലമതിക്കുന്ന കെട്ടിടങ്ങൾ, മാളുകൾ, 3000 കോടിയുടെ യു.ബി.എൽ, യു.എസ്.എൽ ഷെയറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
2010ലെ വിലനിലവാരം കണക്കാക്കിയാണ് എൻഫോഴ്സ്മെൻറ് വസ്തുവകകളുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവയുടെ നിലവിലെ മൂല്യം 6600 കോടിയാണ്. ഇത് മല്യയെ സംബന്ധിച്ചിടിത്തോളം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയശേഷം ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ മല്യ നിലവിൽ ലണ്ടനിൽ കഴിയുകയാണ്. മല്യക്കെതിരെ ബാങ്കുകളുടെ കൺസോർഷ്യം നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.
മല്യയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കിങ്ഫിഷർ വിമാനക്കമ്പനി രാജ്യത്തെ വിവിധ ഏർപ്പോർട്ട് മാനേജ്മെൻറുകൾക്ക് നൽകിയ വണ്ടിച്ചെക്കുകൾ മടങ്ങിയ കേസിലാണ് ഇയാൾക്കെതിരെ ഡൽഹീ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.