എംബ്രേയര്‍ വിമാന ഇടപാട് സി.ബി.ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന 208 ദശലക്ഷം യു.എസ് ഡോളറിന്‍െറ എംബ്രേയര്‍ വിമാന ഇടപാടിലെ വന്‍ അഴിമതിയാരോപണം സി.ബി.ഐ അന്വേഷിക്കും. പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് പ്രതിരോധ മന്ത്രാലയം സി.ബി.ഐക്ക് കൈമാറും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമാനം കൈമാറിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. വിഷയത്തില്‍ വിമാന കമ്പനിയില്‍നിന്ന് വിശദീകരണം തേടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ബ്രസീലില്‍നിന്ന് വാങ്ങുന്ന 145 ജെറ്റ് വിമാനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ബ്രസീലും യു.എസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രസീലിയന്‍ കമ്പനിയായ എംബ്രേയറില്‍നിന്നാണ് ഇന്ത്യ മൂന്നു വിമാനം വാങ്ങാന്‍ 2008ല്‍ കരാറൊപ്പിട്ടത്. ഈ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി ഒരു ബ്രസീലിയന്‍ പത്രമാണ് ആരോപണമുന്നയിച്ചത്. ഇന്ത്യ 208 ദശലക്ഷം യു.എസ് ഡോളര്‍ മുടക്കി വാങ്ങിയ അതേ വിമാനങ്ങള്‍ ഡൊമനിക്കന്‍ റിപ്പബ്ലിക് വാങ്ങിയത് 94 ദശലക്ഷം ഡോളറിനാണ്. ഈ തുകകളില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക് സംശയം പ്രകടിപ്പിച്ചതാണ് അന്വേഷണത്തിനിടയാക്കിയത്.

കൂടുതല്‍ തുകക്ക് ഇന്ത്യയുമായി ഇടപാടുനടത്താന്‍ ഒരു ഇടനിലക്കാരന്‍ വന്‍തുക കമീഷന്‍ വാങ്ങിയതായും പത്രം ആരോപിച്ചിരുന്നു. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ 3.5 മില്യണ്‍ ഡോളര്‍ കമീഷന്‍ വാങ്ങിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുമായുള്ള ഇടപാടിന് കമ്പനി യൂറോപ്പില്‍ ഒരു സെയില്‍സ് അസിസ്റ്റന്‍റിനെ നിയോഗിച്ചിരുന്നൂവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്തു. എംബ്രേയറിന്‍െറ ഇടപാടുകള്‍ 2010 മുതല്‍ അമേരിക്കന്‍ നിരീക്ഷണത്തിലാണ്.

വ്യോമാക്രമണ സാധ്യത മുന്‍കൂട്ടി അറിയാന്‍ ഡി.ആര്‍.ഡി.ഒ തയാറാക്കിയ എയര്‍ബോണ്‍ ഏര്‍ളി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിനു വേണ്ടിയാണ് ഇന്ത്യ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. ആകാശമധ്യേ ഇന്ധനം നിറക്കാന്‍ ശേഷിയുള്ള എംബ്രേയറിന് 10 മുതല്‍ 12 മണിക്കൂര്‍ വരെ പറക്കാനും 24 ടണ്‍ ഭാരം വഹിക്കാനും കഴിയും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.