റെയില്‍വേ, മെട്രോ പദ്ധതികള്‍: പാരിസ്ഥിതിക അനുമതി വേണമെന്ന വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: റെയില്‍വേ, മെട്രോ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന ഹരിത ട്രൈബ്യൂണലിന്‍െറ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. മെട്രോ റെയില്‍, ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പറേഷനും ചേര്‍ന്ന് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറുമടങ്ങിയ ബെഞ്ചിന്‍െറ സ്റ്റേ.

മലിനീകരണം കുറക്കുന്ന പദ്ധതികളായ മെട്രോ റെയില്‍, ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന ഹരിത ട്രൈബ്യൂണലിന്‍െറ നിര്‍ദേശം സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു. യാത്രക്കും ചരക്കുനീക്കങ്ങള്‍ക്കും കാറുകളെയും ട്രക്കുകളെയും ആശ്രയിക്കുന്നത് കുറക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ളെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

റെയില്‍വേയും മെട്രോ റെയിലും 2006ലെ എന്‍വയണ്‍മെന്‍റല്‍ ഇംപാക്ട് അസസ്മെന്‍റ് നോട്ടിഫിക്കേഷന്‍െറ പരിധിയില്‍ വരുന്നില്ളെന്ന് പരിസ്ഥിതി, വനമന്ത്രാലയം നേരത്തെ തന്നെ ട്രൈബ്യൂണലില്‍ വ്യക്തമാക്കിയിരുന്ന കാര്യവും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇവയെല്ലാം പരിഗണിച്ചാണ് റെയില്‍വേ, മെട്രോ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.