ഭീകരവാദം: ഇരട്ടത്താപ്പ് പാടില്ല –ഇന്ത്യ

യുനൈറ്റഡ് നേഷന്‍സ്: ഭീകരവാദം അസ്തിത്വഭീഷണി സൃഷ്ടിക്കുന്നുവെന്നും അതിനോടുള്ള ഇരട്ടത്താപ്പ് നയം ആശാസ്യമല്ളെന്നും യു.എന്‍ പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി. ലോകമെങ്ങും വന്‍തോതിലുള്ള അഭയാര്‍ഥി പ്രവാഹത്തിന് കാരണം ഭീകരവാദമാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രഥമ അഭയാര്‍ഥി-കുടിയേറ്റ ഉച്ചകോടിയില്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകളാണ് സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യുന്നത്. യുദ്ധം, ഭീകരത, ദാരിദ്ര്യം എന്നിവക്ക് നല്ലത്, ചീത്ത എന്ന വേര്‍തിരിവില്ല. മനുഷ്യാവകാശങ്ങള്‍ക്കുനേരെയുള്ള ഏറ്റവും വലിയ ഭീഷണിയായി ഭീകരത മാറിയിരിക്കുന്നു. അതിര്‍ത്തികളിലൂടെ സ്വന്തം രാജ്യം വിടുന്നവരുടെ എണ്ണം കൂടുകയാണ്. ഈ ജനപ്രവാഹം ലോകം ഒരു ഗ്രാമമായി മാറുന്നുവെന്നാണ് ഓര്‍മിപ്പിക്കുന്നത്. നമുക്ക് ഒരുമിച്ച് വളരാനോ ഒരുമിച്ച് നശിക്കാനോ മാത്രമേ ഇന്ന് കഴിയൂ. ഐക്യത്തോടെ ജീവിക്കാനാണ് എല്ലാവരും പഠിക്കേണ്ടതെന്നും അക്ബര്‍ പറഞ്ഞു.

ഭീകരവാദം, സായുധകലാപങ്ങള്‍ എന്നിവക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായ നിലപാടെടുക്കണം. അതിലൂടെ മാത്രമേ ജനങ്ങള്‍ സ്വന്തം രാജ്യം വിടുന്ന സാഹചര്യം ഒഴിവാക്കാനാകൂ. ഇപ്പോഴത്തെ അഭയാര്‍ഥിപ്രശ്നം അവിചാരിതമാണ്.  ആഗോളതലത്തില്‍ 250 ദശലക്ഷംപേര്‍  അല്ളെങ്കില്‍ ലോകജനസംഖ്യയില്‍ 30ല്‍ ഒരാള്‍ അഭയാര്‍ഥിയാണെന്നാണ് കണക്ക്.  നാലില്‍ മൂന്ന് അഭയാര്‍ഥികളും വെറും 11 രാജ്യങ്ങളില്‍ നിന്നാണെന്നും ഏഴ് രാജ്യങ്ങളാണ് അഭയാര്‍ഥികളില്‍ പകുതിയിലേറെപ്പേര്‍ക്കും അഭയം നല്‍കുന്നതെന്നും എം.ജെ. അക്ബര്‍ പറഞ്ഞു. ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനം അല്ളെങ്കില്‍ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുള്ള ആഗ്രഹം ഇവയിലേതെങ്കിലും ഒന്നാണ് കുടിയേറ്റക്കാരെ സൃഷ്ടിക്കുന്നത്. അഭയാര്‍ഥികളെ സ്വീകരിക്കുന്ന വലിയ പാരമ്പര്യം ഇന്ത്യക്കുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 1971ല്‍ ബംഗ്ളാദേശിന്‍െറ സ്വാതന്ത്ര്യ പോരാട്ടത്തിലൂടെ ആ രാജ്യത്തെ ദശലക്ഷത്തോളം പേരാണ് ഇന്ത്യയില്‍ അഭയം തേടിയത്. വന്നവര്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നിട്ടില്ല. ഇത് രാജ്യത്തിന്‍െറ പ്രധാന സവിശേഷതയാണെന്നും അക്ബര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.