വഖഫ് സ്വത്തുക്കള്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ വഖഫ് സ്വത്തുക്കള്‍ ഈ വര്‍ഷാവസാനത്തോടെ ഓണ്‍ലൈന്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍. വഖഫ് കൈയേറ്റം ഫലപ്രദമായി തടയുന്നതിനും തര്‍ക്കപരിഹാരത്തിനും സുതാര്യതക്കും ഇത് അത്യാവശ്യമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
വഖ്ഫ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികളാരംഭിക്കും. കൈയേറ്റക്കാര്‍ എത്ര ശക്തരാണെങ്കിലും ഗുരുതര നടപടി സ്വീകരിച്ചിരിക്കുമെന്നും കേന്ദ്ര വഖഫ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു. പല സംസ്ഥാനങ്ങളില്‍ നിന്നും വഖഫ് കൈയേറ്റം സംബന്ധിച്ച ഗുരുതര പരാതികള്‍ ലഭിച്ചിട്ടുണ്ട്. രാജ്യമെമ്പാടുമായി രജിസ്റ്റര്‍ ചെയ്ത  4,27,000 വഖഫ് സ്വത്തുക്കളുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവ വേറെയുമുണ്ട്. കൈയേറ്റക്കാരുടെ പിടിയില്‍നിന്ന് വീണ്ടെടുക്കുന്ന വഖഫ് സ്വത്തുക്കള്‍ സ്കൂള്‍, കോളജ്, മാളുകള്‍, ആശുപത്രികള്‍, പ്രതിഭാ വികസന കേന്ദ്രങ്ങള്‍ എന്നിവയുണ്ടാക്കാനായി ഉപയോഗിക്കും. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം മുസ്ലിം സമുദായത്തിന്‍െറ വിദ്യാഭ്യാസത്തിനും സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനുമായി വിനിയോഗിക്കും. വഖഫ് തര്‍ക്കങ്ങളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ഏകാംഗ സമിതിക്ക് ഉടന്‍ രൂപം നല്‍കും. സുപ്രീംകോടതി മുന്‍ ജഡ്ജിയോ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസോ ആയിരിക്കും ഈ ചുമതല നിര്‍വഹിക്കുക. സംസ്ഥാനങ്ങളില്‍ മൂന്നംഗ ട്രൈബ്യൂണലുകള്‍ രൂപവത്കരിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.