സാര്‍ക് ഉച്ചകോടി അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും നയതന്ത്ര യുദ്ധം മുറുകിയതോടെ നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കേണ്ട ‘സാര്‍ക്’ ഉച്ചകോടി അനിശ്ചിതത്വത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 9,10 തീയതികളില്‍ നടക്കേണ്ട യോഗത്തില്‍ പങ്കെടുക്കാനിടയില്ല. അതിനു പുറമെ, മറ്റ് ഏതാനും രാജ്യങ്ങള്‍ കൂടി വിട്ടുനിന്ന് ഭീകരതയുടെ കാര്യത്തില്‍ പാകിസ്താന് സന്ദേശം നല്‍കണമെന്ന ചര്‍ച്ച സജീവമായി. സാര്‍ക്കുമായുള്ള സഹകരണം ഇതിനകം കുറച്ചു കഴിഞ്ഞ അഫ്ഗാനിസ്താന്‍ ഇക്കുറി ഇസ്ലാമാബാദിലേക്ക് പോകേണ്ട എന്ന തീരുമാനം എടുക്കണമെന്ന കാഴ്ചപ്പാട് പ്രകടിപ്പിച്ചു. ബംഗ്ളാദേശിനും ഇതില്‍ താല്‍പര്യമുണ്ട്. മറ്റു ചില രാജ്യങ്ങളില്‍ കൂടി നയതന്ത്ര സമ്മര്‍ദം ഫലിച്ചാല്‍ സാര്‍ക് ഉച്ചകോടി പ്രതിസന്ധിയിലാവും. അത് പാകിസ്താന് വലിയ നാണക്കേടാവും. എന്നാല്‍, ഇത്രത്തോളം രാജ്യങ്ങളെ ബഹിഷ്കരണത്തിന് പ്രേരിപ്പിക്കാന്‍ കഴിയുമോ എന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ല.

അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവയാണ് ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ കൂട്ടായ്മയായ സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. ഏഴ് അംഗങ്ങള്‍ക്കു പുറമെ, ആസ്ട്രേലിയ, ചൈന, യൂറോപ്യന്‍ യൂനിയന്‍, ഇറാന്‍, ജപ്പാന്‍, മൊറീഷ്യസ്, മ്യാന്മര്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവക്ക് നിരീക്ഷക പദവിയുണ്ട്.

പാക് അതിര്‍ത്തിപ്രദേശങ്ങള്‍ അഫ്ഗാന്‍ പോരാളികള്‍ താവളമാക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന അഫ്ഗാന്‍, പാകിസ്താനുമായി കടുത്ത രോഷത്തിലാണ്. പാകിസ്താന് വ്യക്തമായ സന്ദേശം നല്‍കുന്ന വിധം സാര്‍ക് ഉച്ചകോടി ബഹിഷ്കരിക്കണമെന്ന നിര്‍ദേശം ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതി ഡോ. ശായിദ മുഹമ്മദ് അബ്ദാലി പരസ്യമായി പ്രകടിപ്പിച്ചു. മിക്കവാറും ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഈ ചിന്താഗതിക്കാരാണെന്ന് ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മേഖലയില്‍ സമാധാനവും ഐക്യവും തകര്‍ക്കുന്ന രാജ്യത്തെ ഒറ്റപ്പെടുത്താന്‍ വിപുല ശ്രമം വേണം. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുമായി കൂടിയാലോചന നടക്കണം.

ഉറി സംഭവത്തെ തുടര്‍ന്ന് ഇന്ത്യയെ പിന്തുണ അറിയിക്കാന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. ഇക്കാര്യം സംഭാഷണ വിഷയമായോ എന്ന് വ്യക്തമല്ല. വൈകീട്ട് ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രീപാല സിരിസേനയും പ്രധാനമന്ത്രിയുമായി സംസാരിച്ചു.

ബുധനാഴ്ച കേന്ദ്രമന്ത്രിസഭാ യോഗമുണ്ട്. ഉറി സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നയതന്ത്ര, പ്രതിരോധ നടപടികള്‍ മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ചര്‍ച്ച ചെയ്യും. യോഗത്തിന്‍െറ പ്രാധാന്യം മുന്‍നിര്‍ത്തി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വിദേശയാത്ര റദ്ദാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.