മൂളിപ്പറക്കുന്നു, യുദ്ധജ്വരമുള്ള കെട്ടുകഥകള്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിനൊപ്പം വളരുന്ന യുദ്ധജ്വരത്തിന്‍െറ മറവില്‍ സൈനിക, നയതന്ത്ര നടപടികളെക്കുറിച്ച് കെട്ടുകഥകള്‍; ഊഹാപോഹങ്ങള്‍. ഉറി ഭീകരാക്രമണത്തിന് പിന്നാലെ സൈന്യം തിരിച്ചടി തുടങ്ങിയെന്നും അതിര്‍ത്തി നിയന്ത്രണ രേഖയിലൂടെയുള്ള രണ്ട് നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ തകര്‍ത്ത സൈന്യം 10 ഭീകരരെ വധിച്ചെന്നും കഴിഞ്ഞദിവസം വന്ന വാര്‍ത്ത കെട്ടുകഥയായി മാറിയത് ഉദാഹരണം. ഏറ്റുമുട്ടല്‍ നടന്നെന്നും വനമേഖലയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന മുറക്കു മാത്രമേ മരണസംഖ്യ കൃത്യമായി പറയാന്‍ കഴിയൂവെന്നും സൈനികവൃത്തങ്ങള്‍ പിന്നീട് തിരുത്തിയിരുന്നു.

എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വനമേഖലയില്‍നിന്ന് ഏതെങ്കിലും മൃതദേഹം കിട്ടിയതായി ആരും പറയുന്നില്ല. നൗഗാം മേഖലയില്‍ രണ്ടു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നെന്നും സൈന്യം വെടിവെച്ചപ്പോള്‍ ഭീകരര്‍ തിരിഞ്ഞോടിയെന്നുമുള്ള വിശദീകരണം പിന്നീടു വന്നു. വെള്ളിയാഴ്ചത്തെ മാധ്യങ്ങള്‍ പലതും മറ്റൊരു റിപ്പോര്‍ട്ടുമായാണ് ഇറങ്ങിയത്. ഉറി ഭീകരാക്രമണത്തിനു തിരിച്ചടിയായി 20ഓളം ഇന്ത്യന്‍ സൈനികര്‍ അടങ്ങുന്ന സംഘം ഹെലികോപ്ടറില്‍ അതിര്‍ത്തി നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയെന്നും 20 ഭീകരരെ വധിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ആക്രമണ വാര്‍ത്ത കരസേന പിന്നീട് നിഷേധിച്ചു.

നാവിക കേന്ദ്രത്തിനു സമീപം അപരിചിതരായ ഏതാനും ആയുധധാരികളെ കണ്ടെന്ന് രണ്ട് സ്കൂള്‍ കുട്ടികള്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ പരിഭ്രാന്തി മുംബൈക്കാര്‍ക്ക് ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. എന്‍.എസ്.ജി സംഘത്തെ വിന്യസിക്കുക വരെ ചെയ്താണ് പരിഭ്രാന്തിയോട് കേന്ദ്രം പ്രതികരിച്ചത്. പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടതിനപ്പുറത്ത് കഥക്ക് കാതല്‍ ഉണ്ടായതായി അന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കുന്നില്ല.

ഉറി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ സിന്ധു നദീജല ഉടമ്പടി റദ്ദാക്കാന്‍ പോകുന്നുവെന്നാണ് പ്രചരിച്ച മറ്റൊരു വാര്‍ത്ത. ഇന്ത്യയും പാകിസ്താനും 1960ല്‍ ഒപ്പുവെച്ച ഈ ഉടമ്പടി ഏകപക്ഷീയമായി റദ്ദാക്കാന്‍ പ്രായോഗിക പ്രയാസങ്ങള്‍ നിരവധിയാണ്. പക്ഷേ, ഊഹാപോഹങ്ങള്‍ക്ക് കുറവില്ല. ഉടമ്പടിയില്‍നിന്ന് ഇന്ത്യ പിന്മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനത്തെുടര്‍ന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അത് പിന്നീട് നിഷേധിച്ചു.

യുദ്ധജ്വരം സൃഷ്ടിക്കുന്ന പോസ്റ്ററുകള്‍ ഡല്‍ഹിയിലും മറ്റും വ്യാപകമായുണ്ട്. പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഫ്ളക്സ് ബോര്‍ഡുകളും പലേടത്തും പ്രത്യക്ഷപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ചില സൈനിക നീക്കങ്ങള്‍ ഉടനടി ഉണ്ടാകാന്‍ പോകുന്നുവെന്ന ചര്‍ച്ചകളും സജീവം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.