കോഴിക്കോട്: ഉറി ആക്രമണത്തെ ചൊല്ലി ഉയരുന്ന വിമര്‍ശങ്ങളെ ദീനദയാല്‍ ഉപാധ്യായയുടെ ‘അന്ത്യോദയ’ ചര്‍ച്ച കൊണ്ട് മറികടക്കുമെന്ന സൂചനയോടെയാണ് ബി.ജെ.പിയുടെ കേരളത്തിലെ പ്രഥമ ദേശീയ കൗണ്‍സിലിന് വെള്ളിയാഴ്ച കോഴിക്കോട് തുടക്കം കുറിച്ചത്. സംഘ് പരിവാറിന്‍െറ ബുദ്ധികേന്ദ്രമായിരുന്ന ദീനദയാല്‍ ഉപാധ്യായയുടെ ‘ഗരീബ് കല്യാണ്‍’ ലക്ഷ്യപൂര്‍ത്തീകരണത്തിന് കേന്ദ്ര സര്‍ക്കാറിന്‍െറ 80 ക്ഷേമ പദ്ധതികള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
സമകാലീന വിഷയമെന്ന നിലയില്‍ ഉറി സ്വാഭാവികമായും ചര്‍ച്ചയില്‍ വരുമെന്നാണ് വെള്ളിയാഴ്ച ഇതേക്കുറിച്ച ചോദ്യത്തോട് ബി.ജെ.പി പ്രതികരിച്ചത്. ഉറി ആക്രമണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടി മാനിക്കും. അവര്‍ ആഗ്രഹിക്കുന്ന പ്രതികരണം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകുകയും ചെയ്യും.
എന്നാല്‍ ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയില്‍ അദ്ദേഹത്തിന്‍െറ മുദ്രാവാക്യമായ അന്ത്യോദയ (അവസാന പൗരന്‍െറയും വികസനം)ക്കും കേരളത്തിലെ പാര്‍ട്ടിയുടെ ശാക്തീകരണത്തിനുമാണ് പ്രാധാന്യം നല്‍കുന്നതിനെക്കുറിച്ചുമാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നേതൃയോഗത്തില്‍ സംസാരിച്ചതെന്ന് ജനറല്‍ സെക്രട്ടറി രാം മാധവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ കൗണ്‍സില്‍ കോഴിക്കോട് നടത്തുന്നതിനുള്ള കാരണം പ്രധാനമാണ്. ദീനദയാല്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ 49 വര്‍ഷം മുമ്പ് കോഴിക്കോട്ട് നടന്ന ഭാരതീയ ജനസംഘത്തിന്‍െറ ദേശീയ കൗണ്‍സിലിന്‍െറ ഓര്‍മ പുതുക്കുന്ന ഈ കൗണ്‍സില്‍ അദ്ദേഹത്തിന്‍െറ അദ്ദേഹത്തിന്‍െറ അന്ത്യോദയ സങ്കല്‍പത്തെ എങ്ങിനെ പ്രയോഗവല്‍ക്കരിക്കാം എന്ന ചര്‍ച്ചയാണ് പ്രധാനമായും നടത്തുന്നത്.
രാജ്യത്തെ അവസാന പൗരന്‍െറയും വികസന (അന്ത്യോദയ)ത്തിന് കേന്ദ്ര സര്‍ക്കാറിനൊപ്പം ബി.ജെ.പിയും ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും. കേന്ദ്ര സര്‍ക്കാറിന്‍െറ 80 ക്ഷേമ പദ്ധതികള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈയൊരു വര്‍ഷം നടപ്പാക്കും. മറ്റു സംസ്ഥാനങ്ങളോടും അവ ഈ വര്‍ഷം തന്നെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിക്കും.
ശനിയാഴ്ചയും തുടരുന്ന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ 19 വകുപ്പുകളും മുഴുവന്‍ സംസ്ഥാന കമ്മിറ്റികളും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.