ചികുന്‍ ഗുനിയ: ഡോക്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം

ന്യൂഡല്‍ഹി: ചികുന്‍ ഗുനിയ, ഡെങ്കിപ്പനി എന്നിവമൂലം നൂറുകണക്കിനാളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നിരവധിയാളുകള്‍ മരിക്കുകയും ചെയ്യുന്നതിനിടെ  രോഗത്തിന്‍െറ രൂക്ഷത സംബന്ധിച്ച് തലസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം.
ചികുന്‍ ഗുനിയ മരണകാരണമല്ല എന്നാണ് എയിംസിലെ മെഡിസിന്‍ ഡിപ്പാര്‍ട്മെന്‍റ് മേധാവി ഡോ. എസ്.കെ. ശര്‍മ ഉള്‍പ്പെടെ പല ഡോക്ടര്‍മാരും പറയുന്നത്. ചികുന്‍ ഗുനിയ പിടിപെട്ട ആയിരം പേരില്‍ ഒരാള്‍ മാത്രമാണ് മരിക്കുന്നതെന്നും അതുപോലും മറ്റു പല രോഗങ്ങളും ഒന്നിച്ചുവരുന്നതുകൊണ്ടാണെന്നും ശര്‍മ പറയുന്നു.
ചികുന്‍ ഗുനിയ പടര്‍ന്നശേഷം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 15 കേസുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ അവരില്‍ മിക്കവര്‍ക്കും രക്തസമ്മര്‍ദം, പ്രമേഹം, വൃക്കത്തകരാര്‍ എന്നിവ ഉണ്ടായിരുന്നതായി കാണാനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രമുഖ സ്വകാര്യ ആശുപത്രികളായ ഗംഗാറാമിലെയും അപ്പോളോയിലെയും വിദഗ്ധര്‍ ചികുന്‍ ഗുനിയയെ നിസ്സാരവത്കരിക്കുന്നതിനോട് വിയോജിക്കുന്നു. ഗംഗാറാമില്‍ മരിച്ച ഏഴുപേരും   മറ്റു രോഗങ്ങള്‍ ഉള്ള വയോധികരും ആയിരുന്നുവെന്ന് പറഞ്ഞ ഡോ. എസ്.പി. ബ്യോത്ര മരണങ്ങള്‍ ചികുന്‍ ഗുനിയമൂലമാണെന്ന് സമ്മതിക്കാന്‍ മടിക്കുന്നതെന്തിന് എന്ന് ചോദിച്ചു. ഫ്രാന്‍സിലും അമേരിക്കയിലും മറ്റും ഈ രോഗം മരണകാരണമായതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. ചികുന്‍ ഗുനിയ മരണകാരണമാവില്ല എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആധികാരികമായി പറയാറായിട്ടില്ളെന്ന് അപ്പോളോയിലെ മുതിര്‍ന്ന ഡോക്ടര്‍ സുരഞ്ജിത് ചാറ്റര്‍ജി പറയുന്നു. അവിടെ മരിച്ച അഞ്ചില്‍ നാലുപേര്‍ പ്രായാധിക്യമുള്ളവരായിരുന്നു. എന്നാല്‍, ഒരാള്‍ 31 വയസ്സുകാരനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.