പാകിസ്​താനെ ഒറ്റപ്പെടുത്തണമെന്ന്​ സുഷമ സ്വരാജ്​​ യു.എന്നിൽ

യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെ സംസാരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ചുട്ടമറുപടിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ഐക്യരാഷ്ട്രസഭയുടെ 71ാം പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പാകിസ്താനെ പേരെടുത്തുപറയാതെ സുഷമ ആഞ്ഞടിച്ചത്.
നമുക്കിടയില്‍ ഭീകരതയുടെ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളുണ്ട്. അവര്‍ ഭീകരത പരിപോഷിപ്പിക്കും, വില്‍പന നടത്തും, കയറ്റിയയക്കും. ഭീകരര്‍ക്ക് അഭയം നല്‍കുക അവരുടെ മുഖമുദ്രയാണ്. ഇത്തരം രാജ്യങ്ങളെ തിരിച്ചറിയുകയും അവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം. ഭീകരര്‍ സ്വതന്ത്രരായി വിഹരിക്കുന്ന ഇത്തരം രാജ്യങ്ങള്‍ വെറുപ്പിന്‍െറ വിഷമുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്. ഇവര്‍ക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ സ്ഥാനമില്ല -സുഷമ പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് വ്യാകുലപ്പെടേണ്ടതെന്ന് ബലൂചിസ്താന്‍െറ പേരെടുത്തുപറഞ്ഞ് സുഷമ ചൂണ്ടിക്കാട്ടി. ബലൂചിസ്താനിലെ ജനങ്ങള്‍ക്കെതിരെ നടത്തുന്ന മൃഗീയത ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ തെളിവാണ് -ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഭീകരതക്കെതിരെ വിവിധ രാജ്യങ്ങള്‍ ഒറ്റക്കൊറ്റക്ക് നടപടി സ്വീകരിക്കുന്നതില്‍ കാര്യമില്ളെന്നും യോജിച്ചുള്ള പോരാട്ടമാണ് കാലഘട്ടത്തിന്‍െറ ആവശ്യമെന്നും സുഷമ പറഞ്ഞു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങള്‍ എടുത്തുപറഞ്ഞ വിദേശകാര്യ മന്ത്രി ഇരകളായ എല്ലാ രാജ്യങ്ങള്‍ക്കുമുള്ള ഇന്ത്യയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കുന്ന നിലപാടുകളില്‍ ഇന്ത്യയുടെ പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കിയ സുഷമ, പാരിസ് ഉടമ്പടി ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ഒൗദ്യോഗികമായി അംഗീകരിക്കുന്ന കാര്യവും വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.