സാര്‍ക്ക് ബഹിഷ്കരണത്തിലും കേന്ദ്രത്തിനു പിഴച്ചു –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സാര്‍ക്ക് ഉച്ചകോടിയില്‍നിന്ന് പിന്മാറുകവഴി പാകിസ്താനുമായുള്ള മോദിസര്‍ക്കാറിന്‍െറ നയതന്ത്ര യുദ്ധം വീണ്ടും പിഴച്ചുവെന്ന് കോണ്‍ഗ്രസ്. സാര്‍ക്ക് കൂട്ടായ്മ നിലനില്‍ക്കണം. പാകിസ്താനെ ഒറ്റപ്പെടുത്തുകയും വേണം. ഇതിന് ഏറ്റവും നല്ല വഴി സാര്‍ക്ക് ഉച്ചകോടി ഇസ്ലാമാബാദില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാകിസ്താന്‍ പങ്കെടുക്കാത്ത സാര്‍ക്ക് സമ്മേളനം നടന്നാല്‍, അതാണ് ഒറ്റപ്പെടുത്തല്‍. പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്‍െറ ലക്ഷ്യം ഭീകരത പ്രോത്സാഹിപ്പിക്കുന്ന അവരുടെ സ്വഭാവം മാറ്റുക എന്നതായിരിക്കണം. അതിനു പകരം എട്ടു രാജ്യങ്ങളുടെ കൂട്ടായ്മതന്നെ അനിശ്ചിതത്വത്തിലാക്കുന്നത് ഫലം ചെയ്യില്ല.

പാകിസ്താന്‍ ഒറ്റപ്പെട്ടല്ല നില്‍ക്കുന്നതെന്ന യാഥാര്‍ഥ്യവും കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. അമേരിക്ക അവരുമായി ഉറച്ച ബന്ധം തുടരുന്നു. റഷ്യ സൈനികാഭ്യാസം ഇതാദ്യമായി നടത്തി. ചൈന സാമ്പത്തിക സഹകരണവും മറ്റും വിപുലപ്പെടുത്തി. പാകിസ്താനുമായി ഇറാനും കൂടുതല്‍ ശക്തമായ സഹകരണത്തിലാണ്. ഇതിനിടയിലാണ് സാര്‍ക്ക് ഉച്ചകോടിയില്‍നിന്ന് പിന്മാറിക്കൊണ്ട് പാകിസ്താനെ ഒറ്റപ്പെടുത്തിയെന്ന് നമ്മള്‍ പറയുന്നത്. നമുക്കൊപ്പം അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍ എന്നിവ നിലകൊള്ളുന്നതിനെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നുവെന്ന് മനീഷ് തിവാരി പറഞ്ഞു.

ഉറി ഭീകരാക്രമണത്തിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ഓരോ നയതന്ത്ര നടപടിയും അര്‍ഥശൂന്യമാണ്. സിന്ധു നദീജല കരാര്‍ അവലോകനം ചെയ്യാന്‍ പോകുന്നു എന്നതിനര്‍ഥം, കരാറില്‍നിന്നു പിന്മാറുകയല്ളെന്ന് കേന്ദ്രം വിശദീകരിക്കുന്നു. എന്നുവെച്ചാല്‍, ബന്ധപ്പെട്ട നദികളില്‍നിന്ന് ഇന്ത്യക്ക് അര്‍ഹതപ്പെട്ട 20 ശതമാനം വെള്ളം ഉപയോഗപ്പെടുത്തുമെന്നാണ്. ഒറ്റ രാത്രികൊണ്ട് അണക്കെട്ടു നിര്‍മിക്കാന്‍ കഴിയില്ളെന്നിരിക്കേ തന്നെയാണ് ഇത്തരം തീരുമാനങ്ങള്‍. അതിപ്രിയ രാജ്യ പദവി നിഷേധിക്കാനുള്ള നീക്കമാണ് മറ്റൊന്ന്. പദവി റദ്ദാക്കുന്നതുകൊണ്ട് പാകിസ്താനു തിരിച്ചടി നല്‍കാനും കഴിയില്ളെന്ന് മനീഷ് തിവാരി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.