കൊച്ചി: പരീക്ഷയിൽ തോറ്റതിനെത്തുടർന്നുള്ള മനോവിഷമത്തിൽ കഴിഞ്ഞവർഷം രാജ്യത്ത് ആത്മഹത്യ ചെയ്തത് 2095 വിദ്യാർഥികൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തരം ആത്മഹത്യകൾ വർധിച്ചതായും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പരീക്ഷയിലെ തോൽവി കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രതികരണങ്ങളെക്കുറിച്ച ആശങ്കയും ഭാവിയെക്കുറിച്ച നിരാശ നിറഞ്ഞ കാഴ്ചപ്പാടുമാണ് ഇത്തരം ആത്മഹത്യകൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ കഴിഞ്ഞവർഷം കേരളത്തിൽ ജീവനൊടുക്കിയത് 46 വിദ്യാർഥികളാണ്. ഇതിൽ 29 പേർ ആൺകുട്ടികളും ഏഴുപേർ പെൺകുട്ടികളുമാണ്. രാജ്യത്ത് ആകെ നടന്ന ആത്മഹത്യയുടെ 1.2 ശതമാനം പരീക്ഷയിലെ തോൽവിയെത്തുടർന്നാണ്. ഇവരിൽ 1123 പേർ 18 വയസ്സിൽ താഴെയുള്ളവരും 916 പേർ 18നും 35നും ഇടയിലുള്ളവരും 55 പേർ 35നും 45നും മധ്യേയുള്ളവരുമാണ്. തൊട്ട് മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം ഇങ്ങനെ ആത്മഹത്യ ചെയ്തവരുടെ എണ്ണത്തിൽ 25.2 ശതമാനം വർധനയുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. പരീക്ഷയിലെ തോൽവിമൂലം ഏറ്റവും കൂടുതൽ വിദ്യാർഥികൾ ജീവനൊടുക്കിയത് മഹാരാഷ്ട്രയിലാണ് -378 പേർ. മധ്യപ്രദേശ്-277, ഝാർഖണ്ഡ് -174, കർണാടക -162, ഗുജറാത്ത് -155, ഉത്തർപ്രദേശ് -122 എന്നിവയാണ് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
ഇതാദ്യമായി കേരളത്തിൽ ഒരു വർഷം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 2022ൽ പതിനായിരം കടന്നു. രാജ്യത്ത് ആകെ 1,70,924 പേർ ജീവനൊടുക്കിയപ്പോൾ 10,162 പേർ കേരളത്തിലാണ്. 2021ൽ ഇത് 9549 ആയിരുന്നു. 6.4 ശതമാനമാണ് വർധന. ദേശീയ ക്രൈം റേക്കോഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒരു ലക്ഷം പേരിൽ 28.5 പേർ ആത്മഹത്യ ചെയ്യുന്നു.
വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, രോഗങ്ങൾ, സാമ്പത്തികബാധ്യത, മയക്കുമരുന്ന് ഉപയോഗം, തൊഴിലില്ലായ്മ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, സ്വത്തുതർക്കം തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.
പരീക്ഷാജയം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും അതില്ലെങ്കിൽ ഒന്നുമില്ല എന്നുമുള്ള ചിന്താഗതി സൃഷ്ടിക്കുന്ന സാമൂഹിക ചുറ്റുപാടുകളാണ് വിദ്യാർഥിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. ഒരു തോൽവി ജീവിതത്തിലെ അവസാന വാക്കല്ലെന്നും അതിനെ അതിജീവിച്ച് മുന്നോട്ട് പോകണം എന്നും അവരെ പഠിപ്പിക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയണം. നിങ്ങൾക്ക് കഴിയുന്നത് ഏറ്റവും നന്നായി ചെയ്യുക. കിട്ടുന്ന വിജയത്തിൽ സംതൃപ്തരാകുക. പോരായ്മ ഉണ്ടെങ്കിൽ പരിഹരിക്കാനുള്ള ഇച്ഛാശക്തി ഉണ്ടാക്കിയെടുക്കുക. വിജയമോ പരാജയമോ ഒരിക്കലും ജീവിതത്തിന്റെ അളവുകോലായി എടുക്കരുത്.
കോവിഡ് കാലത്തെ സാമ്പത്തിക തിരിച്ചടി, അതുണ്ടാക്കിയ സാമൂഹിക പ്രശ്നങ്ങൾ, വിഷാദങ്ങൾ തുടങ്ങിയ അവസ്ഥകളിൽനിന്ന് കരകയറാൻ സ്വീകരിച്ച നടപടികൾ ഫലപ്രദമായില്ലെന്നതിന്റെ സൂചനയാണ് കേരളത്തിലെ ആത്മഹത്യ വർധന. ആത്മഹത്യയെ പ്രതിരോധിക്കാൻ സംസ്ഥാനതല കർമപദ്ധതി ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.