ന്യൂഡൽഹി: ഡൽഹിയിൽ 21കാരി സിവിൽ ഡിഫൻസ് ഓഫിസർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി ഫരീദാബാദ് പൊലീസ് കോടതിയെ അറിയിച്ചു. കേസിൽ അറസ്റ്റിലായ മുഹമ്മദ് നിസാമുദ്ദീനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചപ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ അനുവദിച്ചു.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ബലാത്സംഗം നടന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഹരിയാനയിലെ സൂരജ്കുണ്ഡിൽനിന്നാണ് യുവതിയുടെ മൃതേദഹം കണ്ടെത്തിയത്.
അതേസമയം, അന്വേഷണം സി.ബി.െഎക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടി രൂപ നൽകണമെന്നും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം തടയാൻ ഉന്നതാധികാര സമിതി രൂപവത്കരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിേൻറയും ആവശ്യം.
ഡൽഹിയിലെ ലജ്പത് നഗർ ജില്ല മജിസ്ട്രേട്ട് ഓഫിസിൽ സിവിൽ ഡിഫൻസ് ഓഫിസറായിരുന്നു യുവതി. കേസിൽ അറസ്റ്റിലായ നിസാമുദ്ദീൻ സിവിൽ ഡിഫൻസിൽതന്നെ വളൻറിയറാണ്. ഇരുവരും വീട്ടുകാരറിയാതെ വിവാഹം കഴിച്ചുവെന്നും യുവതിക്ക് മറ്റു ബന്ധമുണ്ടെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം നിസാമുദ്ദീൻ കാളിന്ദികുഞ്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.