ഗുഡ്ഗാവ്: തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ അരങ്ങേറിയ കൊലപാതകങ്ങളിലുടെ ഗുഡ്ഗാവിനെ മുൾമുനയിൽ നിർത്തിയ പരമ്പര കൊലയാളിയെ പിടികൂടി. തലയില്ലാത്ത മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് ബിഹാർ സ്വദേശിയായ 22കാരൻ അറസ്റ്റിലായത്.
ചെറുപ്പകാലത്ത് നേരിടേണ്ടി വന്ന അവഹേളനങ്ങൾക്കൊടുവിൽ തൻെറ വ്യക്തിത്വം ലോകത്തിന് മുമ്പിൽ തെളിയിക്കുന്നതിനായാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പ്രതിയായ മുഹമ്മദ് റജി തുറന്നു പറഞ്ഞു.
ഗുഡ്ഗാവിലെ ഇഫ്കോ ചൗകിൽ വെച്ചാണ് ഇയാൾ പിടിയിലായത്. നവംബർ 23, 24, 25 തിയതികളിൽ നടന്ന കൊലപാതകങ്ങൾക്ക് പിന്നിൽ താനാണ് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നതായും താൻ ആരാണെന്നും എന്താണെന്നും ലോകത്തെ കാണിക്കാനാണ് അരുംകൊലകൾ ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അപരിചിതരായിരുന്നു ഇയാളുടെ കൊലക്കത്തിക്കിരയായതെന്നതാണ് ശ്രദ്ധേയം.
ഇരകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം കഴിക്കാൻ ക്ഷണിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇവരുടെ പക്കലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കിയ ശേഷം മൃതദേഹം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിക്കാറാണ് പതിവ്.
നവംബർ 23ന് ലെഷർ വാലി പാർക്കിന് സമീപത്ത് വെച്ചായിരുന്നു ആദ്യ കൊലപാതകം. പിറ്റേദിവസം ഗുഡ്ഗാവ് സെക്ടർ 40ലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊലക്കത്തിക്ക് ഇരയായത്. നവംബർ 23ന് 26കാരനായ രാകേഷ് കുമാറാണ് കൊല്ലപ്പെട്ടത്.
സെക്ടർ 47ലായിരുന്നു രാകേഷ് കുമാറിൻെറ മൃതദേഹം ശിരച്ഛേദം ചെയ്ത നിലയിൽ കണ്ടെത്തിയത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ തലഭാഗം കണ്ടെത്താനായത്. ഇരയുടെ തൊണ്ട മുറിച്ചപ്പോൾ രക്തസ്രാവമുണ്ടായതായും ഇതേത്തുടർന്ന് അയാളുടെ തല മുറിച്ച് കൻഹായ് ഗ്രാമത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.
'കുട്ടിക്കാലം മുതൽ എനിക്ക് ഒന്നും മനസ്സിലാകുമായിരുന്നില്ല. നീ വളരെ ദുർബലനാണെന്നും നിന്നെ കൊണ്ട് എന്തുചെയ്യാൻ സാധിക്കുമെന്നും പലരും ചോദിക്കുന്നുണ്ടായിരുന്നു. എന്നെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ലോകത്തെ കാണിക്കാൻ തന്നെ ഞാൻ വിചാരിച്ചു' -ചോദ്യം ചെയ്യലിനിടെ മുഹമ്മദ് റജി പൊലീസിനോട് പറഞ്ഞു.
250 മുതൽ 300 സി.സി.ടി.വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ഡൽഹിയിലും ഗുഡ്ഗാവിലുമായി നടന്ന 10ഓളം െകാലപാതകങ്ങളിൽ ഇയാൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.