ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശങ്കപടർത്തി ഡോക്ടർമാരിലും വ്യാപനം രൂക്ഷമാകുന്നു. ഒരാഴ്ചയ്ക്കിടെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ 23 ജൂനിയർ ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം ചെറിയ രോഗലക്ഷങ്ങളോടെ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. 'നിലവിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡോക്ടർമാർ സ്വയം നിരീക്ഷണത്തിലാണ്'-ആശുപത്രിയിലെ സീനിയർ ഡോക്ടർ പറഞ്ഞു.
കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച നഗരത്തിൽ 4,099 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനമായി ഉയർന്നു. 'കോവിഡ് കേസുകൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും, എന്നാൽ ആളുകളെ ആശുപത്രിയിൽ പ്രവേശിക്കത്തക്ക വിധത്തിലുള്ള ഗുരുതര പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, സ്ഥിതി നിയന്ത്രണവിധേയമാണെന്നും' ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. വർധിച്ചുവരുന്ന ഒമിക്രോൺ കേസുകളുടെ പശ്ചാത്തലത്തിൽ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും യോഗത്തിൽ തീരുമാനിക്കും.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവായതിനാൽ ഡൽഹിയിൽ 'യെല്ലോ അലർട്ടിന്' കീഴിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് കഴിഞ്ഞ യോഗത്തിൽ ഡിഡിഎംഎ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) പ്രകാരം, ഡൽഹി ലെവൽ 4 (റെഡ് അലർട്ട്) നിയന്ത്രണങ്ങളുടെ ഘട്ടത്തിലെത്തിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി രണ്ട് ദിവസത്തേക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തുടർന്നാൽ റെഡ് അലർട്ട് നിലവിൽ വരണമെന്നാണ് നിയമം.
നിലവിൽ ആവശ്യസാധനങ്ങൾ ഒഴികെയുള്ള കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽമാത്രമാണ് ഡൽഹിയിൽ പ്രവർത്തിക്കുന്നത്. തിയറ്ററുകളും ജിമ്മുകളും അടച്ചുപൂട്ടിയിട്ടുണ്ട്. നഗരത്തിൽ മെട്രോ ട്രെയിനുകളിലും സിറ്റി ബസുകളിലും സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായി കുറച്ചിട്ടുമുണ്ട്. യെല്ലോ അലർട്ട് പ്രകാരമാണ് ഈ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.