ന്യൂഡൽഹി: രാജ്യത്ത് 2.35 ലക്ഷം പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 871 പേർ കോവിഡ് ബാധിച്ച് മരിച്ചു. 3,35,939 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിൽ നിന്നും മുക്തി നേടി. നിലവിൽ 20,04,333 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രാജ്യത്ത് കുറയുകയാണ്. 13.39 ശതമാനമാണ് ഇന്ത്യയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വാക്സിനേഷനും നല്ല രീതിയിൽ നടക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. 1,65,04,87,260 ഡോസ് വാക്സിൻ വിതരണം ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനുവരി 26ന് അവസാനിച്ച ആഴ്ചയിൽ 400 ജില്ലകളിലാണ് 10 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. കോവിഡ് രോഗമുക്തി നിരക്ക് 93.89 ശതമാനമായും ഉയർന്നു.
അതേസമയം, രാജ്യത്ത് കോവിഡിന്റെ തീവ്രത കുറയുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഒമിക്രോൺ വ്യാപനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം കുറയുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജനുവരി 20ന് ശേഷം എല്ലാദിവസവും രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിനടുത്ത് എത്തിയതിന് ശേഷമാണ് പിന്നീട് വലിയ കുറവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ച ആഴ്ചയിൽ പ്രതിദിന കോവിഡ് രോഗികളുടെ ശരാശരി എണ്ണം 312,180 ആയിരുന്നു. എന്നാൽ, ഈ ആഴ്ച ഇത് 279,100 ആയി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.