ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിലെ 24 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കർണാടകയിൽ 34 മന്ത്രിമാർ ഉണ്ടാകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ജൾപ്പെ!ടെ 10 മരന്തിമാർ മെയ് 20 സത്യപ്രതിജ്ഞ ചെയ്തിരുന്നു.
എച്ച്.കെ. പാട്ടീൽ, കൃഷ്ണബൈരെഗൗഡ, എൻ. ചലുവരായ സ്വാമി, കെ. വെങ്കടേശ്, ഡോ. എച്ച്.സി. മഹാദേവപ്പ, ഈശ്വർ ഖണ്ഡ്രെ, കെ.എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബസപ്പ ദർശനാപുർ, ശിവാനന്ദ് പാട്ടിൽ, തിമ്മാപൂർ രാമപ്പ ബാലപ്പ, എസ്.എസ്. മല്ലികാർജുൻ, ടി. ശിവരാജ് സംഗപ്പ, ഡോ. ശരൺപ്രകാശ് രുദ്രപ്പ പാട്ടീൽ, മംഗൾ വൈദ്യ, ലക്ഷ്മി ആർ. ഹെബ്ബാൾക്കർ, റഹിം ഖാൻ, ഡി. സുധാകർ, സന്തോഷ് എസ്. ലാഡ്, എൻ.എസ്. ബൊസെരാജു, ബിഎസ്. സുരേഷ, മധു ബംഗാരപ്പ, ഡോ. എം.സി. സുധാകർ, ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാർ.
ഇന്ന് 11.45ന് രാജ്ഭവനിൽ ഗവർണർക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്. മന്ത്രിസ്ഥാനത്തിന് സമ്മർദവുമായി 20 ഓളം എം.എൽ.എമാരും ഡൽഹിയിലെത്തിയിരുന്നു.
പുതിയ മന്ത്രിമാരിൽ മുസ്‍ലിം പ്രതിനിധിയായി ബിദർ നോർത്തിൽനിന്നുള്ള റഹിം ഖാൻ ഉണ്ട്. കഴിഞ്ഞ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യസർക്കാറിൽ യുവജന-കായിക മന്ത്രിയായിരുന്നു. ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തുകയും സൊറാബ സീറ്റിൽ സഹോദരനും സിറ്റിങ് എം.എൽ.എയുമായിരുന്ന കുമാർ ബംഗാരപ്പയെ പരാജയപ്പെടുത്തുകയും ചെയ്ത മധു ബംഗാരപ്പ, ബംഗളൂരുവിൽനിന്ന് കൃഷ്ണബൈരെഗൗഡ, ദിനേശ് ഗുണ്ടുറാവു എന്നിവരും വനിത പ്രതിനിധിയായി ബെളഗാവിയിൽനിന്നുള്ള ലക്ഷ്മി ഹെബ്ബാൾക്കറും ഇടം പിടിച്ചു.
മന്ത്രിമാരിൽ ആറ് ലിംഗായത് വിഭാഗവും നാല് വൊക്കലിഗ വിഭാഗവുമാണ് മന്ത്രിമാരിൽ ഉൾപ്പെട്ടിട്ടുള്ളത്. മൂന്നപേർ എസ്.സി വിഭാഗത്തിൽ നിന്നും രണ്ടുപേർ എസ്.ടി വിഭാഗത്തിൽ നിന്നുമാണ്. അഞ്ചുപേർ ഒ.ബി.സിയാണ്. ഒരാൾ ബ്രാഹ്മണനും.
പഴയ മൈസൂരു, കല്യാണ കർനാടക മേഖലയിൽ നിന്ന് ഏഴ് മന്ത്രിമാരും കിറ്റൂർ കർണാടക മേഖലയിൽ നിന്ന് ആറുപേരും സെൻട്രൽ കർണാടകയിൽ നിന്ന് രണ്ടുപേരും മന്ത്രിസഭയിലുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രദേശ -ജാതി സമവാക്യങ്ങളെല്ലാം പൂരിപ്പിച്ചുകൊണ്ടാണ് മന്ത്രിസഭ പൂർത്തീകരിച്ചിരിക്കുന്നത്. കൂാതെ, മുതിർന്ന എം.എൽ.എമാർക്കും തുടക്കക്കാർക്കും അവസരം നൽകിയിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകൾ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.